ഓണാഘോഷ ഡ്രസ് കോഡിനെച്ചൊല്ലി തർക്കം: വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി; പ്ലസ് വൺ വിദ്യാർഥിയുടെ കണ്ണിനു പരുക്ക്

ചട്ടഞ്ചാൽ: ഓണാഘോഷ ഡ്രസ് കോഡിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി.നാലു വിദ്യാർഥികൾക്കു പരുക്കേറ്റു. വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ അച്ചടക്ക സമിതിയും പിടിഎയും തീരുമാനിച്ചു. പൊലീസിൽ പരാതിയും നൽകി.
സ്കൂളിൽ 21നു നടന്ന ഓണാഘോഷത്തിൽ അധികൃതരുടെ അനുമതിയോടെ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ പ്രത്യേക ഡ്രസ് കോഡിലാണ് പങ്കെടുത്തത്. പ്ലസ് വൺ വിദ്യാർഥികളുടെ ഡ്രസ് കോഡിനെ പ്ലസ്ടുവിലെ ഒരു സംഘം വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയതെന്നു പറയുന്നു. പ്രശ്നം ഉണ്ടാക്കിയവരെ അധികൃതർ സ്കൂൾ വളപ്പിന് പുറത്താക്കി ഗേറ്റടച്ചു. റോഡിൽ തുടങ്ങിയ സംഘടനം സമീപത്തെ വ്യാപാര സ്ഥാപനത്തിൽ വരെയെത്തി. ഉച്ച കഴിഞ്ഞും കയ്യാങ്കളി തുടർന്നു. വിവരമറിഞ്ഞു പൊലീസും സ്കൂളിലെത്തിയിരുന്നു.
ഒരു പ്ലസ് വൺ വിദ്യാർഥിയുടെ കണ്ണിനു പരുക്കേറ്റിട്ടുണ്ട്. മറ്റു ചില വിദ്യാർഥികളെ കല്ലെടുത്ത് ഇടിച്ചതായും പരാതിയുണ്ട്. പരുക്കേറ്റവർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പ്രിൻസിപ്പൽ ശൈലജ കെ. ഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന അച്ചടക്ക സമിതിയോഗം പ്രശ്നം ചർച്ച ചെയ്തു. പതിനെട്ടോളം പ്ലസ് ടു വിദ്യാർഥികളടങ്ങിയ സംഘമാണ് ജൂനിയർ വിദ്യാർഥികളെ ആക്രമിച്ചത്. പ്രസിഡന്റ് പി.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, മജീദ് ബെണ്ടിച്ചാൽ, എൻ. ഉണ്ണിക്കൃഷ്ണൻ, എ. സുനിത എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ ഓണാഘോഷ പരിപാടികൾ മുടക്കമില്ലാതെ നടന്നു.

