ഇസ്രയേലിൽ നിന്ന് പോർവിമാനങ്ങൾ പിൻവലിച്ച് യുഎസ്! തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിൽ 1000 മിസൈലിന്റെ ‘തീമഴ’ വർഷിക്കുമെന്ന് ട്രംപ്

പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും സങ്കീർണമാകുന്നതിനിടെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ വ്യോമതാവളത്തിൽ നിന്ന് അത്യാധുനിക സ്റ്റെൽത്ത് പോർവിമാനങ്ങൾ പിൻവലിച്ച് യുഎസ്. യുഎസും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒപ്പുവച്ച ‘ഇസ്‌ലാമാബാദ് ധാരണാപത്രം’ തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ ഈ അപ്രതീക്ഷിത നീക്കം. വെടിനിർത്തൽ ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെങ്കിലും മേഖലയിൽ ഇതുവരെ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ആക്രമണ-പ്രത്യാക്രമണങ്ങളാണ് നടത്തിയത്.
ശക്തമായ കാറ്റിലും വീഴാതെ ഉലയുന്ന മനുഷ്യ പിരമിഡ്! സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ആ വൈറൽ ദൃശ്യത്തിന് പിന്നിലെ യാഥാർഥ്യമെന്ത്?
ദക്ഷിണ ഇസ്രയേലിലെ ഇസ്രയേൽ വ്യോമസേനയുടെ ‘ഓവ്ദ’ വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന യുഎസിന്റെ അത്യാധുനിക യുദ്ധവിമാനങ്ങളാണ് വെള്ളിയാഴ്ചയോടെ പിൻവലിച്ചത്. ഇസ്രയേലിൽ നിന്ന് മടങ്ങിയ പത്തോളം എഫ്-22 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, യുഎസിലേക്കുള്ള യാത്രാമധ്യേ യുകെയിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിൽ ഇറങ്ങിയതായി പ്രമുഖ രാജ്യാന്തര മാധ്യമമായ ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു.
യുദ്ധവിമാനങ്ങൾ ബ്രിട്ടിഷ് വ്യോമതാവളത്തിൽ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വികസിതവും അതിവേഗവുമുള്ള എയർ-സുപ്പീരിയോരിറ്റി പോർവിമാനങ്ങളാണ് എഫ്-22. ഇറാന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാഭീഷണിയെത്തുടർന്ന് മുൻകരുതലായാണ് യുഎസ് ഇവ ഇസ്രയേലിൽ വിന്യസിച്ചിരുന്നത്.
നിലവിലെ ഈ വിമാനങ്ങളുടെ പിൻമാറ്റം പശ്ചിമേഷ്യയിലെ യുഎസിന്റെ താൽക്കാലിക വിന്യാസത്തിന് വിരാമമിടുന്നതാണെങ്കിലും മേഖലയിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗം വ്യോമസേനാ സഹായം എത്തിക്കാനുള്ള യുഎസിന്റെ ശേഷിയെ ഇത് ഒട്ടും ബാധിക്കില്ലെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. തനിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള വധശ്രമമുണ്ടായാൽ ഇറാന് നേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആയിരക്കണക്കിന് മിസൈലുകൾ
ഇറാനെ ലക്ഷ്യമിട്ട് ആയിരത്തോളം മിസൈലുകൾ സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. “അമേരിക്കയുടെ നിലവിലെ പ്രസിഡന്റിനെ, അതായത് എന്നെ വധിക്കാനോ അതിനായി ശ്രമിക്കാനോ ഇറാൻ സർക്കാർ മുതിർന്നാൽ, അതിനുള്ള തിരിച്ചടിയായി 1,000 മിസൈലുകൾ ഇറാനെ ലക്ഷ്യമാക്കി തൊടുക്കാൻ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ വേറെയും പ്രയോഗിക്കും,” ട്രംപ് കുറിച്ചു.
കോഡിങ്ങും എഐയും ഔട്ട്; ഇനി ലോകം മാറുന്നത് ഡിഎൻഎ ചിപ്പുകളിലേക്ക്! വിപ്ലവകരമായ കണ്ടുപിടുത്തം
ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇസ്‌ലാമാബാദ് കരാർ പരാജയപ്പെടുകയും ആക്രമണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധഭീതിയിലേക്കാണ് നീങ്ങുന്നത്. അമേരിക്കയുടെ പുതിയ നീക്കങ്ങളും ട്രംപിന്റെ കടുത്ത പ്രസ്താവനകളും വരും ദിവസങ്ങളിൽ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.

