KSDLIVENEWS

Real news for everyone

30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കേണ്ട, സസ്‌പെൻഷൻ മതിയെന്ന് പാർലമെന്ററി സമിതി

SHARE THIS ON

ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് 30 ദിവസം തുടർച്ചയായി തടവിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെ 31-ാം ദിവസം പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ഭേദഗതി നിർദേശിച്ച് സംയുക്ത പാർലമെന്ററി സമിതി. പുറത്താക്കലിനുപകരം സസ്‌പെൻഷൻ മതിയെന്ന് നിർദേശിക്കാനാണ് സമിതിയുടെ തീരുമാനം.

നിശ്ചിത കാലയളവിനുള്ളിൽ ശിക്ഷിക്കപ്പെട്ടവർ കുറ്റവിമുക്തരാക്കപ്പെടുകയോ പ്രോസിക്യൂഷൻ തുടർനടപടിയുമായി പോകാതിരിക്കുകയോ ചെയ്താൽ ഇവരുടെ സസ്‌പെൻഷൻ സ്വമേധയാ റദ്ദാക്കപ്പെടുമെന്ന വ്യവസ്ഥയും പുതുതായി നിർദേശിക്കുമെന്നാണ് സൂചന. സമിതി ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും.

കഴിഞ്ഞവർഷം വർഷകാലസമ്മേളനത്തിലാണ് 130-ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. പ്രതിപക്ഷനേതാക്കളെ കേസിൽ കുരുക്കി ഇല്ലാതാക്കാനും പ്രതിപക്ഷസർക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കമാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നു.

ബിൽ പരിശോധിക്കാൻ നിയോഗിച്ച സംയുക്ത പാർലമെന്ററി സമിതിയിൽ പ്രതിപക്ഷത്തുനിന്ന് എൻ.സി.പി.യുടെ സുപ്രിയ സുലെ മാത്രമാണ് അംഗം. ഭൂരിഭാഗം പ്രതിപക്ഷപാർട്ടികളും സമിതിയെ ബഹിഷ്‌കരിച്ചിരുന്നു.

അഞ്ചുവർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെടുന്ന കേസുകൾ മാത്രം ഗുരുതര കുറ്റകൃത്യങ്ങളായി കണ്ടാൽമതിയെന്നും സമിതിയുടെ ശുപാർശയിലുണ്ട്. ഉന്നത ഭരണഘടനാ പദവികളിലിരിക്കുന്നവർ ഉൾപ്പെട്ട കേസുകളിൽ വിചാരണ വേഗത്തിലാക്കണം.

സുപ്രീംകോടതി നിർദേശങ്ങൾക്കനുസരിച്ചാകണം ഇത്. സംയുക്ത പാർലമെന്ററി സമിതിയുടെ ശുപാർശകൾ അംഗീകരിച്ചാൽ ഭേദഗതിനിർദേശങ്ങൾ മന്ത്രിസഭായോഗത്തിൽ ആഭ്യന്തരമന്ത്രാലയം അവതരിപ്പിക്കും. മന്ത്രിസഭയും അംഗീകരിച്ചാൽ ഔദ്യോഗിക ഭേദഗതികളായിത്തന്നെ ഇവ ലോക്സഭയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!