ജിഫ്രി തങ്ങൾക്കും മുസ്ലിം സമുദായത്തിനുമെതിരായ അധിക്ഷേപ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ആർ.വി ബാബു

കൊച്ചി: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും മുസ്ലിം സമുദായത്തിനുമെതിരായ അധിക്ഷേപ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. പിഡിപി നേതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തിരുന്നത്. സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഇതര മതവിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി നല്‍കിയിരുന്നത്.
കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി ജിഫ്രി തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ അധിക്ഷേപിച്ചാണ് ആര്.വി ബാബു രംഗത്ത് എത്തിയിരുന്നത്.
സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരും ഭൂരിഭാഗവും ജിഫ്രി തങ്ങളുടെ സമുദായത്തിൽപെട്ടവരാണെന്നായിരുന്നു ബാബുവിന്റെ പോസ്റ്റ്. ഇത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആര്.വി ബാബു ആരോപിച്ചിരുന്നു. ആര്.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയണ് പിഡിപി നേതാവ് പരാതി നല്‍കിയത്.

