KSDLIVENEWS

Real news for everyone

പ്രിയദർശിനി: സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സമിതി, സമഗ്രമായ ഗതാഗതനയം വരും

SHARE THIS ON

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതു മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധിയും അനുബന്ധ പ്രശ്നങ്ങളും പഠിക്കാൻ ഗതാഗത വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. മുൻ ഡിജിപി കെ.പത്മകുമാർ അധ്യക്ഷനായ സമിതി 45 ദിവസത്തിനകം പഠനം പൂർത്തിയാക്കി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു മന്ത്രി സി.പി.ജോൺ ബസുടമകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം പറഞ്ഞു.

സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കുറിയർ, പാഴ്സൽ സർവീസുകൾ, ബസിനുള്ളിലും പുറത്തും പരസ്യങ്ങൾ അനുവദിക്കുന്നത് എന്നിവ കേന്ദ്ര ചട്ടങ്ങൾക്കു വിധേയമായി അനുവദിക്കും. സമഗ്രമായ പുതിയ ഗതാഗതനയം തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.

റോഡ് നികുതി കുറച്ചതിനു പുറമേ ഓരോ മാസവും നികുതി അടയ്ക്കാനുള്ള സൗകര്യം നൽകും. ബസുകളുടെ യാത്രാസമയം പുനഃപരിശോധിക്കും. വർഷങ്ങൾക്കു മുൻപു തയാറാക്കിയ റണ്ണിങ് ടൈം പര്യാപ്തമല്ലെന്ന ബസുടമകളുടെ പരാതി പരിഗണിച്ചാണിത്. മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ റൂട്ടുകൾ കണ്ടെത്തും.

ആർടിഒ ഓഫിസുകളിലെ പ്രശ്നങ്ങൾ പരിഹരിക്കും. ഓഫിസുകൾ നവീകരിക്കും. ആർടിഒമാർ അനാവശ്യമായി ബസുകൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കും. ബസ് വ്യവസായമായി അംഗീകരിക്കുന്നത് അനുഭാവപൂർവം പരിഗണിക്കും. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി മൂലമുള്ള നഷ്ടം നികത്താൻ സ്വകാര്യ ബസുടമകൾ പല നിർദേശങ്ങളും നൽകിയിട്ടുണ്ട്. പരിശോധിച്ചു സാധ്യമായവ നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. ചർച്ചകൾ പ്രതീക്ഷ നൽകുന്നതിനാൽ തൽക്കാലം അനിശ്ചിതകാല സമരം ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!