ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. ഗാന്ധിജി രക്തസാക്ഷിത്വം വഹിച്ച ബിര്‍ള ഹൌസിലേക്ക് മൂന്ന് ബസുകളില്‍ മാര്‍ച്ചുമായി പ്രതിപക്ഷ എംപിമാര്‍ എത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് തുടങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. എം പിമാര്‍ യാത്ര ചെയ്ത ബസുകള്‍ ഡല്‍ഹി പൊലീസ് തടഞ്ഞു. ചര്‍ച്ചക്കും പ്രതിഷേധത്തിനുമൊടുവിലാണ് ബസിന് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്.
ഭരണഘടന കൈയിലേന്തിയാണ് രാഹുല്‍ ഗാന്ധി മാര്‍ച്ച് നടത്തിയത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങി ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ എംപിമാരെല്ലാമുണ്ട്. രാജ്യത്തെ വിദ്യാര്‍ഥികള്‍ തെരുവിലാണെന്നും പ്രതിപക്ഷം അവര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ വസിതിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിന് ശേഷം മിന്നല്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരിയെ ഞെട്ടിച്ചിരിക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധജ്വാല.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രം മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് എംപിമാരുടെ മാര്‍ച്ച്. മൊബൈല്‍ ഫ്‌ളാഷ് തെളിച്ചുകൊണ്ടും വീശിക്കൊണ്ടുമാണ് ഡല്‍ഹിയുടെ തെരുവോരത്ത് രാത്രി വൈകിയും പ്രതിപക്ഷ എംപിമാര്‍ പ്രക്ഷോഭം നടത്തുന്നത്. സമാധാനപരമായാണ് തങ്ങള്‍ പ്രതിഷേധിക്കുകയെന്നും ഗാന്ധിജി മുന്നോട്ടുവച്ച ആശയങ്ങളില്‍ അടിയുറച്ചാണ് മുന്നോട്ട് പോകുന്നതെന്നും എംപിമാര്‍ പറഞ്ഞു.

