വീട്ടിലുണ്ടാക്കിയ ഭക്ഷണം അയക്കാം; സോനം വാങ്ചുകിനോട് ഉപവാസം അവസാനിപ്പിക്കാൻ സൽമാൻഖാനും മറ്റ് ബോളിവുഡ് താരങ്ങളും

ന്യൂഡൽഹി:ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന് കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ചിന് പിന്നാലെ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ സൽമാൻഖാൻ. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാമെന്നും അദ്ദേഹം പറഞ്ഞു. ചോർച്ചയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അതിനാൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കാരങ്ങളും ചോദ്യപ്പേപ്പർ ചോർച്ചയിലെ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ജൂൺ 28 മുതൽ സോനം വാങ്‌ചുക്ക് നിരാഹാര സമരത്തിലാണ്. “സോനം, ഇത് മതിയാക്കൂ സഹോദരാ, സമരം നീട്ടിക്കൊണ്ടുപോകരുത്. ആവശ്യമെങ്കിൽ മറ്റൊരു ദിവസം സമരം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ,” എന്ന് സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുമാണ് രാജ്യത്ത് മുൻഗണനയെന്നും, അതിനാൽ വിദ്യാർത്ഥികളോ അവരുടെ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ലെന്നും സൽമാൻ വ്യക്തമാക്കി.
നേരത്തെ, വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധത്തെ പ്രശംസിക്കുകയും അവരെ “ധീരർ” എന്ന് വിശേഷിപ്പിക്കുകയും ചെയ്ത അദ്ദേഹം, ഈ പ്രതിഷേധം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടാൻ അനുവദിക്കരുതെന്നും മുന്നറിയിപ്പ് നൽകി. ഇത് വിദ്യാർത്ഥികളും വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ള വിഷയമാണെന്നും ഇതിന്റെ ക്രെഡിറ്റ് വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാൻ ഖാനെ കൂടാതെ കരീന കപൂർ, നസറുദ്ദീൻ ഷാ, സീനത്ത് അമൻ, സൊനാക്ഷി സിൻഹ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളുടെ ശബ്ദം അവഗണിക്കാൻ കഴിയില്ലെന്നും, അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു അഴിമതിരഹിത സംവിധാനം അർഹതപ്പെട്ടതാണെന്നും കരീന കപൂർ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ അധ്വാനത്തിന് അർഹമായ അംഗീകാരം നൽകേണ്ടതുണ്ടെന്നും കരീന വ്യക്തമാക്കി.

