KSDLIVENEWS

Real news for everyone

ഇ20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറയ്ക്കാതെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ. എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക്കാരനിൽ നിന്ന് പഴയ പെട്രോളിന്റെ ഉയർന്ന വില തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതിന് പുറമെ, കേന്ദ്ര സർക്കാരിന്റെ എഥനോൾ നയത്തിന് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള എഥനോൾ നിർമാണ കമ്പനിക്ക് ഓഹരി വിപണിയിൽ കോടികളുടെ ലാഭമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നു.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുമ്പോൾ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവിൽ വലിയ കുറവാണ് രാജ്യത്തിനുണ്ടാകുന്നത്. ഇതുവഴി പതിനായിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യമാണ് കേന്ദ്ര സർക്കാർ ലാഭിക്കുന്നത്. എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവും കഴിഞ്ഞ ഒരു വർഷമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ സാമ്പത്തിക ലാഭത്തിന്റെ ചെറിയൊരു പങ്ക് പോലും സാധാരണക്കാരന് ലഭിക്കുന്നില്ല.

രാഷ്ട്രീയ വാർത്താ അപ്‌ഡേറ്റുകൾ
E20 പെട്രോളിലൂടെ ജനങ്ങൾക്ക് നഷ്ടം മാത്രമാണ് മിച്ചം. എഥനോൾ ചേർക്കുന്നതുവഴി ഉൽപ്പാദനച്ചെലവ് നേരിയ തോതിൽ കുറയുന്നുണ്ടെങ്കിലും, ഉയർന്ന നികുതി നിരക്കുകൾ ഇന്ധന വില കുറയാതിരിക്കാൻ കാരണമാകുന്നു. ഇതിനുപുറമെ, എഥനോൾ കലർത്തിയ പെട്രോൾ പ്രത്യേക ടാങ്കറുകളിൽ എത്തിക്കേണ്ടി വരുന്നത് അടിസ്ഥാന വിലക്കുറവിനെ ഇല്ലാതാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

പൊതുമേഖലാ എണ്ണക്കമ്പനികളെ ദുർബലപ്പെടുത്തി സ്വകാര്യ എണ്ണക്കമ്പനി കുത്തകകളെ കേന്ദ്രം പിന്തുണക്കുന്നതായാണ് പ്രധാന വിമർശനം. പ്രാദേശികമായി എഥനോൾ ഉൽപ്പാദിപ്പിക്കുന്ന വൻകിട ഷുഗർ മില്ലുകൾക്കും മറ്റ് കോർപ്പറേറ്റുകൾക്കും കേന്ദ്രം ഇതിനോടകം വലിയൊരു വിപണിയാണ് തുറന്നുകൊടുത്തിരിക്കുന്നത്. ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും, ഇന്ത്യൻ മാർക്കറ്റിൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾക്ക് തങ്ങളുടെ ലാഭവിഹിതം ഇരട്ടിയാക്കാൻ പെട്രോളിയം മന്ത്രാലയം കൂട്ടുനിൽക്കുകയാണെന്നും പരക്കെ ആരോപണമുണ്ട്.

സ്പോർട്സ് വാർത്താ കവറേജ്
എഥനോൾ നയം കൂടുതൽ വേഗത്തിലാക്കിയതിന് പിന്നാലെ ഏറ്റവും വലിയ നേട്ടമുണ്ടായത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരി മാനേജിങ് ഡയറക്ടറായ ‘സിയാൻ അഗ്രോ’ എന്ന കമ്പനിക്കാണ്. മുൻപ് രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ടിട്ടുള്ള ‘പൂർത്തി അഗ്രോടെക്’ എന്ന കമ്പനിയാണ് പിന്നീട് സിയാൻ അഗ്രോ ആയി പുനർനാമകരണം ചെയ്യപ്പെട്ടത്. കാർഷിക ഉൽപന്നങ്ങളുടെ പ്രൊസസിങ്, ഗ്രീൻ എനർജി, എഥനോൾ നിർമാണം എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

ഓഹരി വിപണിയിൽ കമ്പനി വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 2026 ജനുവരി ഒന്നിനും മേയ് മൂന്നിനും ഇടയിലുള്ള ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ മാത്രം സിയാൻ ആഗ്രോയുടെ ഓഹരികളിൽ 140 ശതമാനം നേട്ടമാണ് ഉണ്ടായത്. 677 രൂപയിലായിരുന്ന ഓഹരി വില ഒറ്റയടിക്ക് 1630 രൂപയായി ഉയർന്നു. 2017 മെയ് 18ന് കേവലം 12.50 രൂപ മാത്രമായിരുന്നു സിയാൻ ആഗ്രോയുടെ ഒരു ഓഹരിയുടെ വില. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 12,940 ശതമാനമെന്ന സ്വപ്നതുല്യമായ നേട്ടമാണ് കമ്പനി ഓഹരികൾക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ, കമ്പനിയുടെ കാർഷിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ സാമ്പത്തിക ലാഭവും നിലവിലെ ഈ ഉയർന്ന ഓഹരി വിലയും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബദൽ ഇന്ധന പ്രചാരണത്തിന് മുൻകൈയെടുക്കുന്ന മന്ത്രി എന്ന നിലയിൽ, നയം നടപ്പിലാക്കുമ്പോൾ സ്വന്തം കുടുംബത്തിന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രീതിയിൽ കാര്യങ്ങൾ വഴിതിരിച്ചുവിട്ടു എന്നതാണ് നിതിൻ ഗഡ്കരിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. 2018 മുതലാണ് എഥനോൾ ചേർക്കൽ കേന്ദ്രസർക്കാരിന്റെ പ്രധാന നയമായി മാറിയത്. തുടർന്നാണ് രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ ഘട്ടം ഘട്ടമായി 20 ശതമാനം എഥനോൾ ചേർക്കാൻ തീരുമാനിച്ചതും, അത് കോർപ്പറേറ്റുകൾക്കും സ്വന്തക്കാർക്കും വൻ ലാഭമുണ്ടാക്കാൻ വഴിയൊരുക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!