കെഎം ബഷീറിന്റെ മരണം ; സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നല്‍കണമന്ന് ശ്രീറാം ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കേസ് കോടതി പരിഗണിച്ചപ്പോഴാണ് പ്രതി ശ്രീറാം വെങ്കിട്ടരാമന് അപകട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ഡിവിആര്‍ കോടതിയില്‍ നല്‍കിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കാന്‍ കാലതാമസമെടുക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ട രാമന് മദ്യപിച്ച അമിത വേഗത്തില്‍ വാഹനമോടിച്ച് ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

