KSDLIVENEWS

Real news for everyone

ലെബനാനില്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് നീട്ടി

SHARE THIS ON

വാഷിങ്ടണ്‍ ഡിസി: ലെബനാനില്‍ നിലവിലുണ്ടായിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് പ്രഖ്യാപനം നടത്തിയത്. വൈറ്റ് ഹൗസില്‍ ചേര്‍ന്ന അമേരിക്കയിലെ ഇസ്രായേല്‍, ലെബനാന്‍ അംബാസഡര്‍മാരുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് തീരുമാനം.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനീസ് പ്രധാനമന്ത്രി ജോസഫ് ഔനും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യുഎസ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി പെട്ടെന്ന് ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും എന്നാല്‍ ദീര്‍ഘകാല കരാറാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍, ലെബനാനില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ പ്രതിനിധി ഡാനി ഡാനണ്‍ പ്രസ്താവിച്ചു. 100 ശതമാനം വെടിനിര്‍ത്തല്‍ ഇല്ല. ഹിസ്ബുല്ല റോക്കറ്റുകള്‍ തൊടുത്താല്‍ തിരിച്ചടിക്കും. എപ്പോള്‍ ഞങ്ങള്‍ക്ക് ഭീഷണിയുണ്ടാകുന്നുവോ അപ്പോള്‍ തിരിച്ചടി നല്‍കും. സാഹചര്യം വെടിനിര്‍ത്തലിന് മുന്‍പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെഹ്‌റാനില്‍ ഇന്നലെ സ്‌ഫോടനമുണ്ടായി. വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് ഇന്നലെ രാത്രി വീണ്ടും സ്‌ഫോടനം. തെഹ്‌റാനിലെ ചില പ്രദേശങ്ങളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ഡ്രോണുകള്‍ നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയതെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന് മേല്‍ ആക്രമണം പുനരാരംഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനെതിരായ ആക്രമണം വീണ്ടും തുടങ്ങാന്‍ തയാറെടുപ്പുകള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. വാഷിങ്ടണ്‍ അനുമതി നല്‍കിയാല്‍ ഇറാനെ ബോംബിട്ട് തകര്‍ത്ത് ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും കാറ്റ്‌സ് ഭീഷണി മുഴക്കി. ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണ തുടരവേയാണ് ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!