KSDLIVENEWS

Real news for everyone

പി.എം. ശ്രീ: യൂ.ഡി.എഫ്-ൽ വിയോജിപ്പ്; ഉപസമിതിയിൽ ഭിന്നത: എതിർപ്പ് തുറന്നുപറഞ്ഞ് കെ.എം. ഷാജി

SHARE THIS ON

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ്. ഉപസമിതിയിൽ ഭിന്നത. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ഈ കരാറുമായി മുന്നോട്ടുപോകണോ എന്ന കാര്യത്തിൽ ഉപസമിതിയിലെ നാലംഗങ്ങളിൽ മൂന്നുപേർ അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ ഒരു കോൺഗ്രസ് മന്ത്രി വിയോജിപ്പറിയിച്ചു. പിന്മാറുന്നത് സംസ്ഥാനത്തിന് അർഹമായ ഫണ്ട് നഷ്ടപ്പെടുത്തുമെന്നാണ് അനുകൂലിക്കുന്ന മന്ത്രിമാരുടെ വാദമെങ്കിൽ, സിലബസിലെ കേന്ദ്ര ഇടപെടലുകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് എതിർക്കുന്ന മന്ത്രിയുടെ വാദം.

വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം. ലിജു എന്നിവരടങ്ങുന്ന ഉപസമിതിയാണ് വിഷയം പഠിക്കുന്നത്. സിലബസിലെ കേന്ദ്ര ഇടപെടൽ മറികടക്കാൻ സംസ്ഥാനത്തിന് നിയമപരമായി എന്തെങ്കിലും സാധ്യതകളുണ്ടോ എന്നും സമിതി പരിശോധിക്കുന്നുണ്ട്. മുസ്ലിംലീഗ് നേതൃത്വത്തിലും പദ്ധതിയെച്ചൊല്ലി വലിയ മുറുമുറുപ്പുണ്ട്. പദ്ധതിയിൽനിന്ന് ലീഗ് പിന്മാറാൻ ആലോചിക്കുന്നതായും സൂചനയുണ്ട്.

പദ്ധതിയുമായി മുന്നോട്ടുപോയാൽ അത് പാർട്ടിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കുമെന്നതാണ് ലീഗിനെ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നത്. നേരത്തേ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന യു.ഡി.എഫിന്റെ പൊതുതീരുമാനത്തിനൊപ്പം നിൽക്കാനായിരുന്നു ലീഗ് തീരുമാനിച്ചിരുന്നത്. വിവിധ മുസ്ലിം സംഘടനകളിൽനിന്നുള്ള കടുത്ത എതിർപ്പുകൂടി പരിഗണിച്ചാണ് ലീഗിന്റെ ഇപ്പോഴത്തെ നീക്കം.

പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ് സാദിഖലി ശിഹാബ് തങ്ങളെന്നാണ് വിവരം. സംസ്ഥാന സർക്കാരിന് വേണമെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറാമെന്ന കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുടെ പാർലമെന്റിലെ മറുപടിയും ലീഗിന്റെ പുനർവിചിന്തനത്തിന് കാരണമായിട്ടുണ്ട്. പദ്ധതി നടപ്പാക്കിയ കർണാടകപോലുള്ള സംസ്ഥാനങ്ങൾക്കുപോലും വലിയതോതിലുള്ള കേന്ദ്ര ഫണ്ട് ലഭിച്ചിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചതായും വിവരമുണ്ട്.

യു.ഡി.എഫിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മുന്നണിക്കുള്ളിലുണ്ടെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കിയതും ഈ നിലപാടാണ് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയോടായാലും മുന്നണിയിലായാലും വിയോജിപ്പുകളുണ്ടെങ്കിൽ അത് തുറന്നുപറയുമെന്നും യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം തങ്ങൾക്കുണ്ട്. പി.എം. ശ്രീ പദ്ധതിയോട് ലീഗിന് എതിർപ്പില്ലെന്ന പ്രചാരണങ്ങളേയും ഷാജി തള്ളി.

അതേസമയം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി ഉപസമിതി ഒരിക്കൽക്കൂടി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിനുശേഷം ഉപസമിതി തങ്ങളുടെ നിലപാട് സർക്കാരിനെ അറിയിക്കുകയും അതിനുശേഷം സർക്കാർ അന്തിമതീരുമാനമെടുക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!