KSDLIVENEWS

Real news for everyone

35 മിനിറ്റ് ഉറങ്ങി: വിമാനം താഴ്ന്നപ്പോൾ തറയിലേക്ക് തെറിച്ചു വീണു; എയർഇന്ത്യ പൈലറ്റിന്റെ മൊഴി പുറത്ത്

SHARE THIS ON

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിന്റെ നിർണ്ണായക മൊഴി പുറത്ത്. വിമാനം പറക്കുന്നതിനിടെ താൻ 30 മുതൽ 35 മിനിറ്റോളം ഉറങ്ങിയിരുന്നുവെന്ന് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് നൽകിയ മൊഴിയിലാണ് പൈലറ്റ് സുധീപ് വസിഷ്ഠ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

യാത്രയ്ക്കിടെ ഏകദേശം അരമണിക്കൂറോളം ഉറങ്ങിയ ശേഷം താൻ ശുചിമുറിയിൽ പോയി മടങ്ങിയെത്തിയെന്ന് മൊഴിയിൽ പറയുന്നു. ആ സമയം വിമാനം നിയന്ത്രിച്ചിരുന്നത് ഫസ്റ്റ് ഓഫീസറായിരുന്നു. ഫസ്റ്റ് ഓഫീസറുടെ പിന്നിൽ നിന്ന് വിമാനത്തിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചത്. ഈ ആഘാതത്തിൽ താൻ കോക്പിറ്റിന്റെ തറയിലേക്ക് തെറിച്ചു വീണതായും പൈലറ്റ് പറഞ്ഞു. അവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനാണ് തന്നെ എഴുന്നേൽക്കാൻ സഹായിച്ചതെന്നും ഇദ്ദേഹം മൊഴി നൽകി.

അപകടത്തിന് പിന്നാലെ പൈലറ്റിനെ ലഹരിപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിശദമായ പരിശോധനയിൽ ഇദ്ദേഹത്തിന്റെ സാമ്പിളുകളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ട പരിശോധനയിൽ തന്നെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. പൈലറ്റിന്റെ ലഹരി ഉപയോഗവും ഉറക്കവും വിമാനത്തിലെ സുരക്ഷയെ ബാധിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.

ഓഗസ്റ്റ് നാലിന് നടന്ന സംഭവത്തിൽ വിമാനം ഏകദേശം 360 അടിയോളമാണ് സഞ്ചരിക്കുന്ന ഉയരത്തിൽനിന്ന് പെട്ടെന്ന് താഴേക്ക് പതിച്ചത്. ഒഡീഷ തീരത്തിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു ഇത്. മിനിറ്റുകൾക്കുള്ളിൽ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലും ഓട്ടോപൈലറ്റ് സംവിധാനത്തിലും നിരവധി തകരാറുകൾ രേഖപ്പെടുത്തി. വിമാനത്തിലുണ്ടായ ശക്തമായ കുലുക്കത്തിൽ 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ സമഗ്രമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!