ഇറാൻ യുദ്ധം: യൂ.എസ് ചുവടുമാറ്റുന്നു, എണ്ണവിലയാണ് പ്രധാനമെന്ന് വാൻസ്; യൂ.എസ്.എസ് അബ്രഹാം ലിങ്കൺ പിൻവാങ്ങുന്നു

വാഷിങ്ടൺ: ഇറാൻ യുദ്ധം യുഎസിന് കനത്ത തലവേദനായായി തുടരുന്നതിനിടെ മുൻഗണനകളും മാറുന്നു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നത് ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും ഒന്നാമത്തെ ലക്ഷ്യം കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ ലഭ്യമാക്കുക എന്നതാണെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം അമേരിക്കൻ സൈന്യത്തിനാണെന്ന് ട്രംപ് അവകാശപ്പെടുന്നതിനിടയിൽതന്നെയാണ് എണ്ണ വിതരണത്തിലെ തടസ്സങ്ങൾ വിളിച്ചോതുന്ന പ്രതികരണങ്ങളും യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് മുൻഗണന മാറിയ കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കാർക്ക് കുറഞ്ഞ വിലയിൽ പെട്രോൾ ലഭ്യമാക്കുക എന്നതിനാണ് തങ്ങളിപ്പോൾ മുൻഗണന നൽകുന്നത്. ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നത് രണ്ടാമത്തെ മുൻഗണനയാണെന്നും പറഞ്ഞ വാൻസ്, ഇത് രണ്ടും തങ്ങൾ സ്വന്തമാക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് സാമ്പത്തികമായി ചെറിയ പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും ശരി, ഇറാന്റെ പക്കൽ അണുവായുധങ്ങൾ എത്താതിരിക്കുക എന്നത് മാത്രമാണ് യുദ്ധത്തിലേക്ക് ഇറങ്ങിയതിന്റെ പ്രധാന ഉദ്ദേശ്യമെന്നാണ് ട്രംപ് നേരത്തെ ആവർത്തിച്ച് പറഞ്ഞിരുന്നത്. യുദ്ധത്തിൽ ഹോർമുസ് പ്രധാന ആയുധമായി ഇറാൻ ഉപയോഗിച്ചതോടെയാണ് യുഎസിന് ചുവട് മാറ്റേണ്ടിവന്നത്.
യുദ്ധം എങ്ങനെയായിരിക്കും അവസാനിക്കുക എന്ന ചോദ്യത്തിന് വാൻസിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കാര്യം, യുണൈറ്റഡ് സ്റ്റേറ്റ്സ് കൂടുതൽ ശക്തമായ നിലയിലായിരിക്കും ഇത് അവസാനിക്കുക. ഇറാൻ ആണവായുധം കൈവശം വെയ്ക്കാത്ത അവസ്ഥയിലും, അമേരിക്കൻ ജനതയ്ക്ക് എണ്ണ, വാതക വിലകളിൽ ഒരു സ്ഥിരത ലഭിക്കുന്ന രീതിയിലും ഹോർമുസ് കടലിടുക്ക് പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തുന്ന അവസ്ഥയിലുമായിരിക്കും ഇത് അവസാനിക്കുക’.
അമേരിക്കക്കാർക്ക് എണ്ണയുടെയും വാതകത്തിന്റെയും വില താങ്ങാൻ കഴിയണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടാണ് മുൻഗണനകൾ മാറുന്നതെന്നും വാൻസ് കൂട്ടിച്ചേർത്തു.
‘ചിലപ്പോൾ നമ്മൾ ഊർജ്ജ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കാരണം അമേരിക്കക്കാർക്ക് എണ്ണയുടെയും വാതകത്തിന്റെയും വില താങ്ങാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ചിലപ്പോൾ നമ്മൾ സൈനിക നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിലപ്പോൾ നമ്മൾ ആണവ പരിപാടിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’, വാൻസ് പറഞ്ഞു.
ഇതിനിടെ, യുഎസിന് ദീർഘകാലമായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന കപ്പൽവ്യൂഹങ്ങൾ മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഇറാനെതിരായ അമേരിക്കയുടെ യുദ്ധനീക്കങ്ങളെ ഇതുവരെ പിന്തുണച്ചുവന്നിരുന്ന ‘യുഎസ്എസ് അബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനിക്കപ്പലിലെ സൈനികരുടെ മാനസികാരോഗ്യം സംബന്ധിച്ചും അവശ്യസാധനങ്ങളുടെ ലഭ്യത സംബന്ധിച്ചും ആശങ്കകളുയർന്നു. ഇതേത്തുടർന്ന് യുഎസ്എസ്. ജോർജ്ജ് വാഷിങ്ടൺ, എന്ന പുതിയ വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.
വിയറ്റ്നാമിലെ ദാ നാങ് തുറമുഖത്തുനിന്ന് പുറപ്പെട്ട യുഎസ്എസ്. ജോർജ്ജ് വാഷിങ്ടൺ, സിംഗപ്പൂർ, മലാക്ക കടലിടുക്കുകൾ വഴി ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് മിഡിൽ ഈസ്റ്റിലേക്ക് വരുന്നത്.
250 ദിവസത്തിലധികമായി മേഖലയിൽ തുടരുന്ന യു.എസ്.എസ്. ഏബ്രഹാം ലിങ്കണിലെ നാവികർ കടുത്ത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് പെന്റഗൺ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റർമാർ രംഗത്തെത്തുകയും ചെയ്തിരുന്നു.
യുദ്ധസാഹചര്യങ്ങളിൽ ഇത്തരം പ്രയാസങ്ങൾ സ്വാഭാവികമാണെന്നും വലിയരീതിയിലുള്ള പ്രതിസന്ധികളില്ലെന്നുമാണ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത് ഇതിനോട് പ്രതികരിച്ചത്.

