ചുള്ളിക്കരയില്‍ ഗാനമേളയ്ക്കിടയില്‍ സംഘര്‍ഷം; തടയാന്‍ ചെന്ന പൊലീസ് സംഘത്തിനു നേരെ അക്രമം, പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിച്ചു കൊണ്ടുപോയി

കാസർകോട്: രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിക്കരയിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിൽ സംഘർഷം. തടയാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. പൊലീസ് വാഹനം തടഞ്ഞു നിർത്തി പ്രതികളെ മോചിപ്പിച്ചുകൊണ്ടു പോയി. ഇന്ന് (വ്യാഴം) പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഗാനമേള നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാജപുരം എസ്.ഐ അഭിജിത്തിൻ്റെ നേതൃത്വത്തിൽ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടയിൽ മുടിനീട്ടി വളർത്തിയ ഒരാൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും താക്കോൽ കൊണ്ട് കൈയിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായി രാജപുരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. പൊലീസിനെ ആക്രമിച്ച പ്രതികളെ കസ്റ്റഡിയിൽ എടുത്തു പൊലീസ് വാഹനത്തിൽ കയറ്റി. ഈ സമയത്ത് പൊലീസ് വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിലായ പ്രതികളെ ഏഴംഗ സംഘം മോചിപ്പിച്ചു കൊണ്ടുപോയി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ കൂട്ടിച്ചേർത്തു. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ അഭിജിത്ത് (34), എൻ പി അസീസ് (52), വി കെ പവിത്രൻ (52) എന്നിവർക്കാണ് പരിക്കേറ്റത്.

