ബേക്കൽ റെയിൽവേ മേൽപാലത്തിൽ അറ്റകുറ്റപ്പണി: സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ ഗതാഗത നിരോധനം

കാസർകോട്: കാഞ്ഞങ്ങാട് – കാസർകോട് സംസ്ഥാന പാതയിൽ ബേക്കൽ റെയിൽവേ മേൽപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ നിരോധിച്ചു. കാസർകോട്ടുനിന്നു വരുന്ന വാഹനങ്ങൾ ബേക്കൽ – പനയാൽ വഴി ദേശീയപാതയിലേക്കോ മൗവ്വൽ ജംക്‌ഷനിൽ നിന്നു പള്ളിക്കര – മൗവ്വൽ റോഡിൽ പ്രവേശിച്ച് പള്ളിക്കര – പെരിയ റോഡ് വഴിയോ കാഞ്ഞങ്ങാട്ടേക്കു പോകണം. കാഞ്ഞങ്ങാട്ടു നിന്നുള്ള വാഹനങ്ങൾ പള്ളിക്കര പെരിയ റോഡിൽ നിന്നു പള്ളിക്കര മൗവ്വൽ റോഡിൽ പ്രവേശിച്ച് ബേക്കർ പനയാൽ റോഡ് വഴിയും സഞ്ചരിക്കണം. കാസർകോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നു ദേശീയപാത വഴി പോകണം. കാസർകോട്ടുനിന്ന് നീലേശ്വരം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും ദേശീയപാത വഴി പോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

