പാസ്പോർട്ട്, വിസ സേവനങ്ങളുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പാസ്പോർട്ട്, വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളേക്കുറിച്ച് ജാഗ്രതപാലിക്കണമെന്നാണ് നിർദ്ദേശം. വ്യക്തിഗത വിവരങ്ങൾ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ടെന്നും സംശയം തോന്നിയാൽ അടിയന്തിരമായി കോൺസുലേറ്റിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അസാധാരണമായൊരു തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ, യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. പാസ്പോർട്ട്, വിസ, എമർജൻസി സർട്ടിഫിക്കറ്റ്, രാജ്യത്തിന് പുറത്തുപോകാനുള്ള എക്സിറ്റ് പാസ്, എമിറേറ്റ്സ് ഐഡി, തൊഴിൽസംബന്ധമായ രേഖകൾ തുടങ്ങിവയുടെ മറവിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ.
ഇത്തരം രേഖകൾ തരപ്പെടുത്താമെന്ന് പറഞ്ഞ് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും പാസ്പോർട്ട്, വിസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ രേഖകളും സ്വന്തമാക്കുന്ന ആസൂത്രിത സംഘം പ്രവർത്തിക്കുന്നുണ്ട്. വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ എന്നിവയെല്ലാം സംഘം ശേഖരിക്കും. ഈ രേഖകളും വിവരങ്ങളും ഉപയോഗിച്ച് ബാങ്കുകളിൽ അക്കൗണ്ട് എടുക്കുകയോ വായ്പയെടുക്കുകയോ ക്രെഡിറ്റ് കാർഡ് വാങ്ങുകയോ ചെയ്യും. അനധികൃത പണമിടപാടിനും ഇത്തരം രേഖകൾ ഉപയോഗിക്കും. ഇതോടെ, കേസ്, പിഴ, ട്രാവൽ ബാൻ, ജയിൽശിക്ഷ തുടങ്ങി പലവിധത്തിലുള്ള നിയമക്കുരുക്കിലും ആളുകൾ വീണുപോകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ വിരലടയാളവും മുഖം, കണ്ണ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കാറില്ല. ഇത്തരത്തിലുള്ള വിവരങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ 00971 5430 90571 എന്ന നമ്പറിൽ വാട്സ് ആപ്പ് വഴിയോ pbsk.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

