KSDLIVENEWS

Real news for everyone

പശ്ചിമേഷ്യ വീണ്ടും കത്തുന്നു; ഇറാന് മേൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ട്രംപ്

SHARE THIS ON

വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഇറാനെതിരെ എല്ലാ സാധ്യതകളും അമേരിക്ക പരിശോധിച്ചു വരികയാണെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിട്ടുണ്ട്.

സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. അതേസമയം, ഇന്നലെ ഇറാനിലെ ലാറക് ദ്വീപിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ കടുക്കുകയാണ്.

ഇറാനെതിരെ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാനുള്ള നീക്കത്തിലാണ് അമേരിക്കയെന്ന് യുഎസ് ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൂചിപ്പിച്ചു. ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കുക എന്നതാണ് ഇത്തരം ഉപരോധ നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ഇറാനും ശക്തമായി പ്രതികരിച്ചു. യുഎസിന് മേൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കടുത്ത നടപടികൾ രാജ്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഇറാൻ ഡെപ്യൂട്ടി പാർലമെൻ്റ് സ്പീക്കർ ആവശ്യപ്പെട്ടു.

ഈ യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെഷസ്കിയാൻ വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തി. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇറാൻ തയ്യാറാണെന്ന് ഉച്ചകോടിക്കിടെ പ്രസിഡന്റ് മസ്ഊദ് പെഷസ്കിയാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!