KSDLIVENEWS

Real news for everyone

പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷി

SHARE THIS ON

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. പദ്ധതി നടപ്പിലാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദ്ദേശിച്ചു. പിഎം ശ്രീയെ എതിര്‍ത്ത് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. പാർട്ടി-സർക്കാർ ഏകോപനം ഇല്ലെന്നും ദീപാ ദാസ് മുൻഷി ആരോപിച്ചു. സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് ശക്തമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചു. പിഎം ശ്രീ വൈകിപ്പിക്കാൻ കമ്മിറ്റിയെ വെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുന്നതിന്റെ പരിമിതികളും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും ആവശ്യമുയർന്നു. പി ജെ കുര്യനാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യം ഉന്നയിച്ചത്. പാർട്ടി പുന:സംഘടന അനിവാര്യമാണെന്നും ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.
എന്നാൽ  പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് വ്യക്തുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയാണ് ഇത് സംബന്ധിച്ച മറുപടി നല്‍കിയത്. പദ്ധതിയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്നും എല്ലാം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ ആണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി, പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ സംഘപരിവാര്‍ ഡീല്‍ എന്ന് ആരോപിച്ച് സമരം ചെയ്തവര്‍, ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി കാവിവല്‍ക്കരണത്തിന് കുടപിടിക്കുകയാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ആരോപിച്ചിരുന്നു.

error: Content is protected !!