ഡല്‍ഹി പൊലീസിൻ്റെ കള്ളക്കളി; ജന്തര്‍ മന്തറിലുണ്ടെന്ന് പറഞ്ഞ പല അക്രമികളും സമര സമയത്ത് ജയിലില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടയില്‍ നിന്ന് ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍’ സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിയെന്ന് പൊലീസ് അവകാശപ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളില്‍ 25 പേര് സമരം നടക്കുമ്പോള്‍ ജയിലിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള 2873 പേരെ പ്രതിഷേധത്തിനിടയില്‍ നിന്ന് മുഖം തിരിച്ചറിയുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം വഴി തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ തിരിച്ചറിഞ്ഞ 25 പേര് ജയിലില്‍ ആയിരുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ മാത്രമല്ല, അതിന് ശേഷം ഫീല്‍ഡ് വെരിഫിക്കേഷനും നടത്തി, അക്രമികള്‍ സമരത്തില്‍ പങ്കെടുത്തുവെന്ന് ഉറപ്പിച്ചിരുന്നതായാണ് ഡല്‍ഹി പൊലീസ് അവകാശപ്പെട്ടിരുന്നത്. കൊലപാതകം, വധശ്രമം, ബലാത്സംഗം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തവര്‍ സമരത്തിലുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് കണ്ടെത്തിയെന്ന് പറയുന്ന ഇത്തരത്തിലുള്ള 25 പേരെങ്കിലും സമരം നടക്കുന്ന സമയത്ത് ജയിലിലായിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
സമരത്തില്‍ പങ്കെടുത്തതായി പൊലീസ് പറയുന്ന 2873 കുറ്റവാളികളില്‍ 205 പേരാണ് ഗുരുതര കുറ്റകൃത്യങ്ങളുടെ ഭാഗമായത്. 101 പേര് കൊലക്കേസുകളിലും 61 പേര് ബലാത്സംഗക്കേസുകളിലും ആറ് പേര് പോക്സോ കേസിലും 62 പേര് വധശ്രമക്കേസിലും പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത 205 പേരുടെ പട്ടികയിലെ 25 പേരാണ് സമരം നടന്ന ജൂലൈ 20നും 26നും ഇടയില്‍ ജയിലില്‍ കഴിയുകയായിരുന്നെന്ന് ഇന്ത്യന്‍ എക്സ്പ്രസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തീഹാര്‍, മണ്ടോലി, രോഹിണി തുടങ്ങിയ ജയിലുകളിലാണ് പ്രതികളുള്ളത്. ഇതോടെ ജന്തര്‍ മന്തര്‍ സമരത്തില്‍ വ്യാപകമായി അക്രമികള്‍ കടന്നുകയറിയെന്ന പൊലീസ് വാദമാണ് പൊളിയുന്നത്.
സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് കള്ളക്കണക്ക് പുറത്തുവിടുകയാണ് എന്നുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് പറയുന്നതാണ് യാഥാര്‍ഥ്യമെങ്കില്‍ ആ ദിവസങ്ങളില്‍ എങ്ങനെ ഈ പ്രതികള്‍ സമരത്തിനെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താന്‍ വന്‍തോതില്‍ അക്രമികള്‍ ജന്തര്‍ മന്തറിലെത്തിയെന്ന് സമരത്തിന് നേതൃത്വം നല്കിയ സിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
സിജെപി സമരത്തിലെടുത്ത കേസുകള്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി റദ്ദാക്കിയിരുന്നു. ഡല്‍ഹിയടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കാനാണ് ഉത്തരവിട്ടത്. നീതി ഉറപ്പാക്കാനാണ് നടപടിയെന്നാണ് ചീഫ് ജസ്റ്റീസ് പ്രതികരിച്ചത്. സുപ്രിം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. അതേസമയം, ഗുരുതര കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ ഉണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്കെതിരെ വേറെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു.

