നിക്ഷിപ്ത താത്പര്യങ്ങൾ തിരിച്ചറിയണം, പ്രകോപനങ്ങൾക്ക് വശംവദരാകാൻ പാടില്ല; പ്രവർത്തകരോട് കാന്തപുരം

കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദങ്ങൾക്കിടയാക്കിയിരിക്കെ അനുയായികൾക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സന്ദേശം. നിക്ഷിപ്ത താത്പര്യങ്ങൾ തിരിച്ചറിയണമെന്നും പ്രകോപനങ്ങൾക്ക് വശംവദരാകാൻ പാടില്ലെന്നും കാന്തപുരം ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.
‘സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ’, കാന്തപുരം വ്യക്തമാക്കി.
പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മകൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

