KSDLIVENEWS

Real news for everyone

ഗൾഫ് സംഘർഷങ്ങൾ ഫലസ്തീൻ വിഷയത്തെ തഴയാൻ കാരണമാകരുത്: ഖത്തർ

SHARE THIS ON

ദോഹ: ഗൾഫ് മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ ഫലസ്തീൻ വിഷയത്തിന്റെ പ്രാധാന്യത്തെ തഴയാൻ കാരണമാകരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ച് ഖത്തർ. ഐ.എ.ഇ.എയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ജാസിം യാഖൂബ് അൽ ഹമ്മാദിയാണ് നിലപാട് വ്യക്തമാക്കിയത്.

ഫലസ്തീൻ വിഷയത്തെ ‘മനുഷ്യരാശിയുടെ മനസ്സാക്ഷിക്കേറ്റ ആഴത്തിലുള്ള മുറിവ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഫലസ്തീനിൽ സ്വയം നിർണ്ണയാവകാശവും സ്വതന്ത്ര രാഷ്ട്ര രൂപീകരണവും ഉറപ്പുനൽകുന്ന അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കാൻ ഇസ്രായേൽ തയാറാകാത്തത് തങ്ങൾക്ക് യാതൊരുവിധ ശിക്ഷാനടപടികളും നേരിടേണ്ടി വരില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ്.

പ്രായോഗിക നടപടികളിലൂടെ ഈ അവസ്ഥക്ക് മാറ്റം വരുത്തിയാൽ മാത്രമേ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. അന്താരാഷ്ട്ര പ്രമേയങ്ങൾ കൃത്യമായി നടപ്പാക്കുന്നതിലൂടെ ഫലസ്തീനികളുടെ സ്വയം നിർണ്ണയാവകാശം യാഥാർത്ഥ്യമാവുകയും, മധ്യപൂർവേഷ്യൻ മേഖലയെ ആണവായുധ മുക്ത മേഖലയാക്കി മാറ്റാനും സാധിക്കും. ഇത് മേഖലയിലുടനീളം സമാധാനവും സുസ്ഥിരതയും കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലി നീക്കങ്ങളെയും പദ്ധതികളെയും ഖത്തർ ശക്തമായി എതിർത്തു. ഫലസ്തീൻ ജനതയെ പൂർണ്ണമായി ഒഴിപ്പിക്കാനുള്ള ഇസ്രായേൽ മന്ത്രിമാരായ ഇറ്റാമർ ബെൻ-ഗ്വിർ, ഇസ്രായേൽ കാറ്റ്സ് എന്നിവരുടെ പ്രസ്താവനകൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.

ഗസ്സ മുനമ്പ് അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണ്. 1967-ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക മാത്രമാണ് മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള ഏക വഴിയെന്ന് ഖത്തർ ആവർത്തിച്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!