KSDLIVENEWS

Real news for everyone

മോദിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ഷി ചിൻപിങ്, ഹോട്ടലിലേക്ക് മടങ്ങി; കേന്ദ്രമന്ത്രിമാർ എത്തിയത് ബസുകളിൽ

SHARE THIS ON

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ അത്താഴവിരുന്നിൽനിന്നു വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. സ്വന്തം രാജ്യത്തേക്കു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും വിരുന്നിൽ പങ്കെടുത്തില്ല. ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നതിന്റെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും യാത്രയുടെയും ചർച്ചകളുടെയും ക്ഷീണം കാരണം അദ്ദേഹം വിശ്രമിക്കാനായി ഹോട്ടലിലേക്കു മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ഷി ചിൻപിങ്, ബ്രിക്സ് സമ്മേളനത്തിലും തുടർന്നു പ്രധാനമന്ത്രി മോദിയുമായി നടന്ന നിർണായക ഉഭയകക്ഷി കൂടിക്കാഴ്ചയിലും പങ്കെടുത്തിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ അഭാവത്തിലും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉൾപ്പെടെയുള്ള മറ്റ് ബ്രിക്സ് രാജ്യങ്ങളിലെയും പങ്കാളിത്ത രാജ്യങ്ങളിലെയും പ്രമുഖ നേതാക്കൾ വിരുന്നിൽ സജീവമായി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിരുന്നിനെത്തി.

ലോക്സഭാ സ്പീക്കർ ഓം ബിർല, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു. പാർലമെന്റ് ഹൗസിൽനിന്നു രണ്ട് പ്രത്യേക ബസുകളിലാണ് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും വിരുന്നിനായി ഭാരത് മണ്ഡപത്തിലേക്കു യാത്ര ചെയ്തത്. ഭാരതീയ തനിമ വിളിച്ചോതുന്നതായിരുന്നു വിരുന്നിലെ ഭക്ഷണ വിഭവങ്ങൾ. പരമ്പരാഗത ഗുജറാത്തി പലഹാരമായ ഖാണ്ട്‌വിയും ഫ്രഞ്ച് പലഹാരമായ മില്ലെ-ഫ്യൂഷെയും തമ്മിൽ സമന്വയിപ്പിച്ചുണ്ടാക്കിയ ഖാണ്ട്‌വി മില്ലെ-ഫ്യൂഷെ, ഖുംബ് ഗലൂട്ടി, പനീർ ലബാബ്ദാർ, ഗുച്ചി മാർമിക്, ക്യാരറ്റ്-ബീൻസ് പൊരിയൽ, മില്ലറ്റ് പുലാവ് എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ. മധുരപലഹാരങ്ങളായി ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജിലേബി, ഷാഹ്തൂത് ഫിർനി എന്നിവയും വിളമ്പി. 

error: Content is protected !!