KSDLIVENEWS

Real news for everyone

ഫാസ്ടാഗിൽ ഇനി ‘വൺടാഗ്’ സംവിധാനം; ബാങ്കിനെ മാറ്റിയാലും വാഹനത്തിൽ ഒട്ടിച്ചിട്ടുള്ള ഫാസ്ടാഗ് മാറ്റേണ്ട

SHARE THIS ON

വാഹനത്തിലെ ഫാസ്ടാഗ് ഇളക്കിമാറ്റാതെ സേവനംനൽകുന്ന ബാങ്കിനെ മാറ്റാൻ പോർട്ടബിലിറ്റി സംവിധാനമെത്തി. ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് അത് ഇഷ്യു ചെയ്ത ബാങ്കിനെ മാറ്റാൻ എളുപ്പമാക്കുന്ന ‘വൺടാഗ്’ എന്ന പോർട്ടബിലിറ്റി സംവിധാനം മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ (ജി.എഫ്.എഫ്.) വേദിയിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി.

ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയും (ഐ.എച്ച്.എം.സി.എൽ.) നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് വൺ ടാഗ് തയ്യാറാക്കിയത്. ബാങ്കിനെ മാറ്റിയാലും വാഹനത്തിൽ ഒട്ടിച്ചിട്ടുള്ള ഫാസ്ടാഗ് മാറ്റേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. മുൻപ് ഫാസ്ടാഗ് ഇഷ്യുചെയ്ത ബാങ്കിനെ മാറ്റാൻ ഒട്ടേറെ നടപടിക്രമങ്ങളുണ്ടായിരുന്നു.

ആദ്യം ഫാസ്ടാഗ് ഡീ ആക്ടിവേറ്റ് ചെയ്യണം. തുടർന്ന് അതിലെ ബാലൻസ് പരിശോധിച്ച് അവശേഷിക്കുന്ന തുക തീർപ്പാക്കി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. തുടർന്ന് പുതിയ ബാങ്കിൽ അപേക്ഷനൽകി പുതിയ ഫാസ്ടാഗ് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നു. പഴയ ഫാസ്ടാഗ് നീക്കി പുതിയത് വാഹനത്തിൽ ഒട്ടിക്കുകയും വേണം. വൺ ടാഗ് വരുന്നതോടെ ഫാസ്ടാഗ് ഇളക്കിമാറ്റാതെ ആപ്പ് വഴി നടപടികളെല്ലാം പൂർത്തിയാക്കാം.

ദേശീയപാതാ അതോറിറ്റിയുടെ രാജ്യമാർഗ് യാത്ര മൊബൈൽ ആപ്പിൽ നിലവിൽ വൺ ടാഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പുതിയ ബാങ്കിൽ ഫാസ്ടാഗിന് അർഹതയുണ്ടോ എന്നു പരിശോധിച്ച് വെരിഫിക്കേഷൻ ഓൺലൈനായി പൂർത്തിയാക്കും. അതിനുശേഷം ഉപഭോക്താവിന്റെ അനുമതിയോടെ ഇഷ്ടമുള്ള ബാങ്ക് തിരഞ്ഞെടുക്കാം. നടപടികൾ പൂർത്തിയായാൽ ഫാസ്ടാഗ് ഐ.ഡി.യും വാഹന നമ്പറും പുതിയ ബാങ്കുമായി ലിങ്കുചെയ്ത് വാഹനത്തിലെ അതേ ടാഗ് തുടർന്നും ഉപയോഗിക്കാം.

error: Content is protected !!