കാസര്‍കോട് സംയുക്ത ഖാസിയായി പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോടിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 16ന്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ (ഇ.കെ വിഭാഗം) പുതിയ ജനറല്‍ സെക്രട്ടറിയായി ഇന്നലെ സമസ്ത മുശാവറ തിരഞ്ഞെടുത്ത പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട് അടുത്ത മാസം 16ന് വെള്ളിയാഴ്ച കാസര്‍കോട് സംയുക്ത ഖാസിയായി സ്ഥാനാരോഹണം ചെയ്യും. അന്ന് വൈകിട്ട് 4 മണിക്ക് കാസര്‍കോട് തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ട്രഷറര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്, മംഗലാപുരം ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നംകൈ, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ തുടങ്ങിയ സാദാത്തുക്കളും പണ്ഡിതന്മാരും സംബന്ധിക്കും.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോടിനെ കാസര്‍കോട് ഖാസിയായി സംയുക്ത ജമാഅത്ത് തിരഞ്ഞെടുത്തത്. ആലിക്കുട്ടി മുസ്ലിയാരും സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കൊയ്യോട് ഉമര്‍ മുസ്ലിയാരും പ്രസ്തുത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കാസര്‍കോട് ഖാസിയായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്.
കണ്ണൂര്‍ ജില്ലയിലെ കൊയ്യം സ്വദേശിയാണ്. 2008ല്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഉമര്‍ മുസ്ലിയാര് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് പ്രസിഡണ്ടും എസ്.എന്‍.ഇ.സി ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനറും വിവിധ മഹല്ലുകളുടെ ഖാസിയുമായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് സമസ്ത ജനറല്‍ സെക്രട്ടറിയായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായിരുന്ന പരേതനായ കൊയ്യോട് ടി.എ മൊയ്തീന് കുട്ടി മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്.
ഖാസിയുടെ സ്ഥാനാരോഹണ ചടങ്ങുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംയുക്ത ജമാഅത്ത് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്, വൈസ് പ്രസിഡണ്ടുമാരായ യഹ്യ തളങ്കര, അബ്ദുല്‍ കരീം കോളിയാട്, സെക്രട്ടറിമാരായ കെ.ബി മുഹമ്മദ് കുഞ്ഞി, എം.എ.എച്ച് മഹമൂദ് തുടങ്ങിയവര്‍ സംസാരിച്ചു.

