കലാസൂര്യന് വിട: സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്കാരിക മേഖലയിൽ അടയാളപ്പെടുത്തിയ കലാ കൂട്ടായ്മയുടെ അമരക്കാരനാണ് വിട പറയുന്നത്.
1951 ഏപ്രിൽ 11ന് കോട്ടയം ജില്ലയിൽ ജനനം. തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. എൻജിനീയറിങ് പഠനത്തിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. എന്നാൽ കലയും നാടകവും തന്നെയായിരുന്നു പിന്നീട് ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായത്.
1977-ലാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമിട്ടത്. പിന്നീട് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെ നാടകവും സംഗീതവും നൃത്തവും ഉൾപ്പെടെ
വിവിധ കലാരൂപങ്ങൾക്ക് വലിയ വേദിയൊരുക്കി. വെളിച്ചവും ശബ്ദവും ഉപയോഗിച്ചുള്ള വലിയ വേദി അവതരണങ്ങളിൽ പുതിയ പരീക്ഷണങ്ങൾ. ‘ചായക്കടക്കഥകൾ’, ‘എന്റെ രക്ഷകൻ’, ‘മേൽവിലാസം’ തുടങ്ങി ശ്രദ്ധേയമായ സൃഷ്ടികൾ. ‘മേൽവിലാസം’ പിന്നീട് സിനിമയായും ശ്രദ്ധ നേടി.
കലാരംഗത്തെ സംഭാവനകൾക്ക് 1996-ൽ രാഷ്ട്രപതിയുടെ നാഷണൽ അവാർഡ് ഫോർ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷൻ ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടറായും കേരള സംഗീത നാടക അക്കാദമി ചെയർമാനായും വിവിധ ദേശീയ-സംസ്ഥാന ചലച്ചിത്ര, സാംസ്കാരിക സമിതികളിലും പ്രവർത്തിച്ചു. 2023-ൽ കേരള സർക്കാർ നൽകുന്ന കേരള പ്രഭ പുരസ്കാരവും സൂര്യ കൃഷ്ണമൂർത്തിയെ തേടിയെത്തി.

