KSDLIVENEWS

Real news for everyone

കാലിക്കടവ് എംഡിഎംഎ കേസ്: ഐവറി കോസ്റ്റ് പൗരൻ സാമുവൽ പിടിയിലായത് ഗേൾ ഫ്രണ്ടുമായി പുറത്തിറങ്ങവേ

SHARE THIS ON

ചെറുവത്തൂർ: പിലിക്കോട് കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിൽ ഇന്ത്യയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനകണ്ണിയായ ആഫ്രിക്കയിലെ ഐവറി കോസ്റ്റ് പൗരനായ ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്റ്റൻ (35) അറസ്റ്റിലായി. കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിനായി ഉത്തർപ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് സാമുവൽ. കേസിൽ നേരത്തേ അറസ്റ്റിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളും വാട്സാപ് സന്ദേശങ്ങളും ഫോൺ വിവരങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് അന്വേഷണം സാമുവലിലേക്ക് എത്തിയത്. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന ഘാന സ്വദേശി വിക്ടർ ഡിസാബയാണ് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിനായി സാമുവൽ ഓസ്റ്റനെ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തൽ.

ജയിലിലെ പരിചയംവഴി ലഹരി ഇടപാടിലേക്ക്
നേരത്തേ അറസ്റ്റിലായ ഘാന സ്വദേശി വിക്ടർ ഡിസാബ, പെരുമ്പാവൂർ അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദീൻ, കാസർകോട് പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ എന്നിവർ വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പരിചയപ്പെട്ടത്. ജാമ്യത്തിലിറങ്ങിയശേഷവും മൂവരും വാട്സാപ് വഴി ബന്ധം തുടരുകയും ലഹരി വിൽപന നടത്താൻ തീരുമാനിക്കുകയുമായിരുന്നു. സൈനുൽ ആബിദീനെതിരെ 3 ചീറ്റിങ് കേസും മുഹമ്മദ് സാബിറിനെതിരെ തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ ലഹരിക്കേസും വിക്ടർ ഡിസാബയ്ക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ലഹരിക്കേസും ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ് പറഞ്ഞു.

വിക്ടർ ഡിസാബ വിവിധ വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിച്ച് സൈനുൽ ആബിദീനുമായി ബന്ധപ്പെടുകയും ലഹരി മരുന്ന് വിൽപന സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. തനിക്ക് നേരിട്ട് ലഹരിമരുന്ന് ലഭ്യമല്ലാതായതോടെ വിക്ടർ നോയിഡയിലുള്ള തന്റെ സുഹൃത്തായ ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്റ്റനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾവഴി ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതായാണ് കണ്ടെത്തൽ. വില കൈമാറുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമുവൽ ഓസ്റ്റൻ വിക്ടർ ഡിസാബയ്ക്ക് നൽകിയതായി പൊലീസ് പറയുന്നു. ഈ വിവരങ്ങൾ പിന്നീട് സൈനുൽ ആബിദീനും മുഹമ്മദ് സാബിറിനും കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

ലഹരിമരുന്നിനായി പ്രത്യേക ബാങ്ക് അക്കൗണ്ട്
ലഹരി ഇടപാടിന് മാത്രമായി ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ മിസോറം സ്വദേശിയുടെ പേരിലുള്ള എസ്‌ബിഐ അക്കൗണ്ടിലേക്ക് സൈനുൽ ആബിദീൻ ഭാര്യയുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയിരുന്നു. തുടർന്ന് ഈ തുക നോയിഡയിലെ വിവിധ എടിഎമ്മുകളിൽനിന്ന് സാമുവൽ ഓസ്റ്റന്റെ നിർദേശപ്രകാരം ഇയാളുടെ നാട്ടുകാരായ വിവിധ ആളുകൾ പിൻവലിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിലൂടെയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്ന ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.

മുഹമ്മദ് സാബിർ ബെംഗളൂരുവിൽവച്ച് പരിചയപ്പെട്ട റുബിയ ബീഗം, ശാതി ഷെയ്ഖ് എന്ന റിയ ഖാൻ എന്നിവരെ കേരളത്തിലേക്ക് ലഹരിമരുന്ന് കാരിയറായി ഉപയോഗിച്ചതായും പൊലീസ് പറയുന്നു. റിയ ഖാനും സുഹൃത്തായ ആഗ്ര സ്വദേശി വിഷ്ണുകുമാറും ചേർന്ന് സൈനുൽ ആബിദീന്റെ ആവശ്യപ്രകാരം ബെംഗളൂരുവിൽനിന്നും ഡൽഹിയിൽനിന്നും വിവിധ ഘട്ടങ്ങളിലായി ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. പ്രതിഫലമായി വിഷ്ണുകുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സൈനുൽ ആബിദീൻ ഒരു ലക്ഷത്തിലധികം രൂപ പലഘട്ടങ്ങളിലായി കൈമാറിയിട്ടുണ്ട്.

കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കും പണമെത്തി
ലഹരിമരുന്ന് ഇടപാടിന്റെ ഭാഗമായി മുഹമ്മദ് സാബിർ തന്റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സൈനുൽ ആബിദീനെക്കൊണ്ട് പണം കൈമാറ്റം ചെയ്യിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി.അനിൽകുമാർ, ഇൻസ്പെക്ടർമാരായ പ്രശാന്ത്, റൗഫ്, എസ്‌.ഐ ദിവാകരൻ, അനിൽ, സനീഷ്, ഷൈജ, സീനിയർ സിപിഒമാരായ സുരേഷ്, ജ്യോതിഷ്, ഗിരീഷ്, രാഹുൽ, നിഖിൽ, ജയേഷ്, എഎസ്ഐമാരായ രമേശൻ, അശോക് കുമാർ, പ്രസാദ് എന്നിവർ ഉൾപ്പെടുന്നു.

വലവിരിച്ചത് നോയിഡയിൽ
പൊലീസിനു മുന്നിൽ ആകെ ഉണ്ടായിരുന്നത് സാമുവൽ എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്നതിന്റെ ഫോട്ടോ മാത്രമായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഇടയ്ക്ക് 10 മിനിറ്റ് സമയം ഫോൺ ഓണായതോടെ പൊലീസ് ലൊക്കേഷൻ മനസ്സിലാക്കി വീട് കണ്ടെത്തിയെങ്കിലും 3 പൂട്ടുകൾകൊണ്ട് പൂട്ടിയനിലയിലായിരുന്നു. ഗേൾ ഫ്രണ്ടുമായി പുറത്തിറങ്ങവേയാണ് സാമുവൽ പിടിയിലായത്. 2017ൽ വിദ്യാഭ്യാസ വീസ എടുത്താണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. 2018ൽ തിരിച്ചുപോയി. 2024ൽ വീണ്ടും വന്നെങ്കിലും വീസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയില്ല. സാമുവലിന്റെ കൂട്ടാളിയെ പിടിക്കാൻ പൊലീസ് ഇപ്പോൾ മിസോറം കേന്ദ്രീകരിച്ചു നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!