ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റ് നടത്താൻ ശ്രമിച്ചത് ഭീകരാക്രമണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി യുഎഇ

അബുദാബി: ഫ്ലൈ ദുബായ് എഫ്ഇസെഡ് 1073 വിമാനത്തിൽ ഉണ്ടായ അടിയന്തര സാഹചര്യം കോപൈലറ്റ് നടത്താൻ ശ്രമിച്ച ഭീകരാക്രമണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി യുഎഇ ഫെഡറൽ പ്രോസിക്യൂട്ടറും അറ്റോർണി ജനറലുമായ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ശംസി അറിയിച്ചു.
വിമാനത്തിനുള്ളിലെ ക്രഷ് കോടാലി (Crash Axe) ഉപയോഗിച്ച് പൈലറ്റിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് കോപൈലറ്റ് തന്റെ ഭീകരാക്രമണ പദ്ധതി നടപ്പാക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
സംഭവത്തിനു പിന്നിലെ പൂർണമായ സാഹചര്യങ്ങൾ, ലക്ഷ്യങ്ങൾ, മറ്റു കണ്ണികൾ അല്ലെങ്കിൽ ബന്ധങ്ങൾ എന്നിവ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. സാങ്കേതിക പരിശോധനകളും ഡിജിറ്റൽ, ഭൗതിക തെളിവുകളുടെ വിശകലനങ്ങളും അധികൃതർ പൂർത്തിയാക്കിവരികയാണ്. ആവശ്യമായ എല്ലാ അന്വേഷണ നടപടികളും പൂർത്തിയായ ശേഷം അന്തിമ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

