ചെന്നിത്തലയുടെ ഉത്തരവ്, പരാതിയിൽ പ്രാഥമിക പരിശോധന; ഗ്യാനേഷ് കുമാറിനെതിരേ വിജിലൻസ് എഫ്.ഐ.ആർ. വരും

തിരുവനന്തപുരം: എം.സി. റോഡ് നിർമാണത്തിന് കരാറേറ്റെടുത്ത മലേഷ്യൻ കമ്പനിയിലെ എൻജിനിയർ ലീ സീ ബിനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. മന്ത്രി രമേശ് ചെന്നിത്തലയുടെ ഉത്തരവിനെത്തുർന്ന് 20 വർഷം മുൻപുള്ള പരാതിയിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. അക്കാലത്ത് റോഡ്പദ്ധതികളുമായി ബന്ധപ്പെട്ടിരുന്ന മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചുതുടങ്ങി.
എൻജിനിയർ ആത്മഹത്യ ചെയ്യുന്നതിനുമുൻപ് നൽകിയ പരാതിയിൽ കമ്പനിക്ക് കിട്ടാനുള്ള ബില്ലുകൾ പാസാക്കാനും സർക്കാർ ചുമത്തിയ നഷ്ടപരിഹാരം കുറയ്ക്കാനും അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി പറഞ്ഞിരുന്നു. ഈ പരാതിയിൽ രണ്ടിടത്ത് അന്ന് വകുപ്പ് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പേരുള്ളതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.
എന്നാൽ, അന്വേഷണം അവസാനിപ്പിച്ചെന്നാണ് വിജിലൻസിന്റെ ഫയലിൽ. ഇതാണ് പുനരന്വേഷിക്കുന്നത്. ഗ്യാനേഷിന് നോട്ടീസ് അയയ്ക്കുകയും മൊഴിനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഗ്യാനേഷ് സ്വാഭാവികമായും ഇതിനെതിരേ നിയമമാർഗം തേടും.

