KSDLIVENEWS

Real news for everyone

ഇനി ഓർമത്തിടമ്പ്: ഉത്സവങ്ങളിലെ നിറസാന്നിധ്യം; പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന മിന്നലേറ്റ് ചരിഞ്ഞു

SHARE THIS ON

ഈരാറ്റുപേട്ട: ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ (54) മിന്നലേറ്റു ചരിഞ്ഞു. നീരിനുശേഷം ഒരുമാസമായി ഉടമ മേലമ്പാറയിലെ രാജേഷ് പല്ലാട്ടിന്റെ വീടിനു സമീപത്തെ ഷെഡിൽ വിശ്രമത്തിലായിരുന്നു. വൈകിട്ട് 6.30ന് ഉണ്ടായ മിന്നൽ ഷെഡിനും ആനയ്ക്കും ഏൽക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ താപ്പാനയായിരുന്ന ബ്രഹ്മദത്തനെ 28 വർഷം മുൻപ് കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസും സഹോദരൻ ചാക്കോയുമാണു കേരളത്തിലെത്തിച്ചത്. പുതുപ്പള്ളി ബ്രഹ്മദത്തനാണ് 16 വർഷം മുൻപ് ഉടമ മാറിയപ്പോൾ പല്ലാട്ട് ബ്രഹ്മദത്തനായത്.

2015ൽ തൃശൂർ പൂരത്തിൽ പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പിൽ പങ്കെടുത്തു. തൃശൂർ പൂരത്തിൽ പാറമേക്കാവിലെ രാത്രിപൂരത്തിനു തിടമ്പെടുത്തിരുന്നതും ബ്രഹ്മദത്തനായിരുന്നു. 10 അടി 2 ഇഞ്ച് ഉയരമുള്ള ബ്രഹ്മദത്തൻ മധ്യകേരളത്തിലെ ഉത്സവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു.

∙ ബ്രഹ്മൻ ഇനിയൊരു ഓർമത്തിടമ്പ്
ശാന്തഗംഭീരൻ….പല്ലാട്ട് ബ്രഹ്‌മദത്തനുവേണ്ടി പിറവിയെടുത്ത പ്രയോഗമാണതെന്നുപോലും തോന്നിപ്പോകും. തൃശൂർ പൂരം, ഏറ്റുമാനൂർ ഏഴരപ്പൊന്നാന, വൈക്കത്തഷ്ടമി തുടങ്ങി കേൾവികേട്ട ഉത്സവങ്ങളുടെയെല്ലാം തിടമ്പാന. എന്നിട്ടും തലയെടുപ്പോടെ ഗാംഭീര്യവും ശാന്തതയും ഒരുപോലെ ബ്രഹ്‌മദത്തൻ പാലിച്ചു. ഒരിക്കൽ മാത്രം തെല്ലൊന്ന് തെറ്റിച്ചു. തന്റെ പ്രാണന്റെ പ്രാണനായ പാപ്പാൻ ദാമോദരൻ നായരെ രക്ഷിക്കാൻവേണ്ടി. വാടാനപ്പള്ളി ഗണേശമംഗലം ക്ഷേത്രത്തിലെ ഉത്സവം. ബ്രഹ്മദത്തന് അകമ്പടിനിന്ന ഒരാന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി.

കുത്തുകൊണ്ട ആന സമീപം നിന്ന ബ്രഹ്മദത്തന്റെ പാപ്പാൻ ഓമനയെന്ന ദാമോദരൻ നായരെ തട്ടിവീഴ്ത്തി. നിലത്തുവീണ അദ്ദേഹത്തെ കുത്താൻ ആന ആഞ്ഞു. ഇത് തുമ്പിക്കൈയുയർത്തി ബ്രഹ്‌മദത്തൻ തടഞ്ഞു. ഉച്ചത്തിൽ ചിന്നം വിളിച്ച് ആളെക്കൂട്ടി. വീണ്ടും കുത്താനാഞ്ഞ ആനയുടെ വയറ്റിൽ ബ്രഹ്മദത്തൻ കുത്തി. ആക്രമണകാരിയായ ആന ഓടിമാറി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽനിന്ന് എഴുന്നേറ്റുവന്ന് ബ്രഹ്മദത്തനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു നിൽക്കുന്ന ദാമോദരൻ നായർ ചുറ്റും കൂടിയ ആയിരങ്ങൾക്ക് മുൻപിൽ വിസ്മയമായി.

ഒത്ത അഴകളവുകൾക്കൊപ്പം ചന്ദനനിറമാർന്ന മദഗിരിയാണ് ബ്രഹ്മദത്തന്റെ പ്രധാന ആകർഷണം. മാതംഗശാസ്ത്രം അനുശാസിക്കുന്ന ഗജലക്ഷണങ്ങൾ ഒത്തുചേർന്ന അപൂർവ ഗജരാജൻ. വിടർന്നുനിൽക്കുന്ന വിശാലമായ മസ്തകം. ഘനമുള്ള കൊമ്പുകൾ. ഒറ്റനോട്ടത്തിൽ ഹൃദയം കീഴടക്കുന്ന ആനച്ചന്തം. കേരളത്തിലെ ഏതാണ്ടെല്ലാ ഉത്സവങ്ങളിലും എത്താറുള്ള ബ്രഹ്‌മദത്തനു വിശ്വാസത്തിന്റെ വഴിയിൽ ചില ചിട്ടകളൊക്കെയുണ്ട്.

തൃശൂർപൂരം എഴുന്നള്ളിപ്പു കഴിഞ്ഞു വരുംവഴി ഗുരുവായൂരിൽ ചെന്ന് കണ്ണനു മുന്നിൽ തുമ്പിക്കൈ ഉയർത്തി വണങ്ങൽ പതിവാണ്. ഉത്സവത്തിനു പോയി അലമ്പുണ്ടാക്കിയെന്ന ചീത്തപ്പേര് ഒരിക്കലും വീണിട്ടില്ല. പൂരപ്പറമ്പിലെ ആവേശക്കാർക്കൊപ്പം അതേ താളത്തിൽ കൊമ്പും തലയുമൊക്കെ ആട്ടി ഉത്സവമാകെ രസിപ്പിക്കാൻ കേമൻ. പല്ലാട്ടെ കുട്ടിയെന്നും ബ്രഹ്മൻ എന്നുമൊക്കെ ആരാധകർ പലപേരുകൾ സ്നേഹത്തിൽ പൊതിഞ്ഞുവിളിച്ചു. ‘ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ സമൂഹമാധ്യമങ്ങളിലും താരമായിരുന്നു.

അരുണാചൽ പ്രദേശിലെ കാടുകളിൽ താപ്പാനയായിരുന്ന ബ്രഹ്മദത്തൻ പുതുപ്പള്ളിക്കാരായ ആദ്യ ഉടമകൾക്കൊപ്പമാണ് കേരളത്തിലേക്ക് വന്നത്. പുതുപ്പള്ളി ബ്രഹ്‌മദത്തൻ എന്നായിരുന്നു ആദ്യപേര്. മലയാളം മനസ്സിലാക്കാത്ത അത്തരം ആനകളെ ചട്ടത്തിലാക്കാൻ പാപ്പാന്മാർ നന്നായി വടിപ്രയോഗം നടത്തേണ്ടിവരും. ഓരോ അടിയുമാണ് ഓരോ വാക്കിന്റെയും അർഥം. എന്നാൽ പേടിപ്പിക്കലുകളൊന്നും ഇല്ലാതെ സ്നേഹത്തിലൂടെ ദാമോദരൻ നായർ ബ്രഹ്‌മദത്തനെ വരുതിയിലാക്കി. അതിനായി അവനെ മലയാളം പഠിപ്പിച്ചു. അദ്ദേഹം ഹിന്ദി പഠിച്ചു. ഒരു വടിയുടെയോ തോട്ടിയുടെയോ അകലമില്ലാതെ അവരിരുവരും ഒരുമിച്ച് നടന്നു. ആകെയുണ്ടായിരുന്ന തോട്ടി ബ്രഹ്‌മദത്തനെ തന്നെ പാപ്പാൻ ഏൽപിച്ചു.

ഉത്സവപ്പറമ്പുകളിൽ മാത്രം തോട്ടി ദാമോദരൻ നായർ കയ്യിലെടുക്കും. ആനയ്ക്കു വേണ്ടിയായിരുന്നില്ല. ഉത്സവത്തിനെത്തുന്നവർക്ക് ഒരു ധൈര്യത്തിന് വേണ്ടി. പിന്നീട് പാലാ പല്ലാട്ട് കുടുംബത്തിലേക്കു ബ്രഹ്മദത്തനെ വിറ്റപ്പോൾ ബ്രഹ്മദത്തനൊപ്പം ദാമോദരൻ നായരും പല്ലാട്ടേക്കു പോയി. 2021 ജൂണിൽ ദാമോദരൻ നായർ (74) ലോകത്തോടുംബ്രഹ്മദത്തനോടും വിടപറഞ്ഞു. കാൽ നൂറ്റാണ്ട് തന്റെ തോഴനായി ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ അവനും ളാക്കാട്ടൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. തുമ്പിക്കൈകൾ ഉയർത്തി യാത്രാമൊഴിയേകി.

ആ കാഴ്ച കണ്ടുനിന്നവർക്ക് പോലും സങ്കടമടക്കാനായില്ല. ബ്രഹ്മദത്തനെ അവസാനമായി കാണാൻ സമീപജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് ആന പ്രേമികളാണ് ഇന്നലെ വൈകിട്ടു മുതൽ രാജേഷിന്റെ വീട്ടിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!