KSDLIVENEWS

Real news for everyone

ഹോട്ടലിൽ ഉറക്കം നഷ്ടപ്പെട്ടു: കാസർകോട്ടെ കുടുംബത്തിന് മൂട്ടകടിക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

SHARE THIS ON

കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ മൂട്ടയുടെ കടിയേറ്റ കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നൽകിയ ഹർജിയിലാണ് 15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതിച്ചെലവായും നൽകാൻ കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടത്.

പദ്മനാഭസ്വാമിക്ഷേത്ര ദർശനത്തിനും ബന്ധുവിന്റെ കല്യാണം കൂടാനുമായി 2024 ഓഗസ്റ്റ് 26-നാണ് വാസുദേവയും കുടുംബവും തിരുവനന്തപുരത്തെ ‘രൂപ്മഹൽ’ ഹോട്ടലിൽ മുറിയെടുത്തത്.

3500 രൂപയുടെ ശീതീകരിച്ച ഡബിൾ മുറിയാണെടുത്തത്. ദീർഘയാത്രകഴിഞ്ഞ് ക്ഷീണിതരായ കുടുംബത്തിന്, പക്ഷേ, രാത്രിയൊട്ടും ഉറങ്ങാനായില്ല. നോക്കിയപ്പോൾ കിടക്കയിൽ മൂട്ട.

ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികൾക്കടക്കം മൂട്ടയുടെ കടിയേറ്റ് ദേഹത്ത് പലയിടത്തും ചുവന്നുതുടുത്തു. ചൊറിച്ചിലും അനുഭവപ്പെട്ടു. ഇക്കാര്യം ഹോട്ടൽ റിസപ്ഷനിൽ പറയുകയും ചെയ്തു. പിറ്റേന്ന് തിരുവനന്തപുരത്തെ ആൻഡിയൽ ആസ്പത്രിയിലെത്തി ചികിത്സതേടി. അവിടത്തെ ഡോ. മഹേഷ്‌കുമാർ പരിശോധിച്ച് മരുന്ന് നൽകി. തിരികെ നാട്ടിലെത്തിയശേഷം ഹൊസ്ദുർഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണൻ മുഖേന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക്‌ മാറ്റണമെന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടെങ്കിലും കമ്മിഷൻ അനുവദിച്ചില്ല.

ഇതുവരെ ഹോട്ടലിനെതിരേ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്നതടക്കമുള്ള വാദമായിരുന്നു ഹോട്ടൽ അധികൃതരുടേത്. ആസ്പത്രി പരിശോധനാരേഖകളും ലാബ് റിപ്പോർട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കിയിരുന്നു. ഒരുമാസത്തിനുള്ളിൽ തുക നൽകണമെന്നാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!