സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

പാമ്പാടി (കോട്ടയം): പാമ്പാടി പതിമൂന്നാം മൈലിൽ സ്കൂട്ടർ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിൻ്റെ മകൾ ആഷ്ലി ആൻ തോമസ് (25) പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ സ്കൂട്ടർ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനടിയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

