KSDLIVENEWS

Real news for everyone

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

SHARE THIS ON

കണ്ണൂർ: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി കെ സുധാകരന്റെ തുറന്ന് പറച്ചിൽ. തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത് വിഷമമുണ്ടാക്കി. പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടേയും പ്രതിസന്ധിയിൽ കൂടെനിന്നവരുടെയും വിയർപ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം പ്രവർത്തികൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ആവശ്യമുള്ളത് സ്തുതിപാഠകരെയല്ല. തെറ്റ് ചൂണ്ടിക്കാട്ടാൻ ധൈര്യമുള്ളവരെയാണ്. വിമർശനം ഉൾക്കൊള്ളണമെന്നും സുധാകരൻ പറഞ്ഞു. കെ സുധാകരന്റെ സെക്രട്ടറി സനീഷിന്റെ സോഷ്യൽ മീഡിയ ചാനലിലൂടെയാണ് കെ സുധാകരന്റെ പ്രതികരണം. വീഡിയോ പ്രചരിക്കുകയും ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തതോടെ വീഡിയോ പിന്നീട് പിൻവലിക്കപ്പെട്ടു.

‘ഭരണം വരും പോകും അധികാരം മാറിമറിയും. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അടിയറവ് വെക്കരുത്. അടിപതറി തകർന്നുതരിപ്പണമായി നിന്ന് കോൺഗ്രസ് പ്രസ്ഥാനത്തെ, താൻ കെപിസിസി അധ്യക്ഷനായി നിന്നുകൊണ്ട് കരകയറ്റാൻ ശ്രമിച്ചപ്പോൾ എനിക്ക് ലഭിച്ചത് എന്താണ്. കോൺഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചത് ചരിത്രമാണ്. എന്നിട്ടും ഒരു ന്യായവുമില്ലാതെ എന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഒരുകൂട്ടം ആളുകൾ നടത്തിയ നീക്കമറിഞ്ഞപ്പോൾ ദുഃഖമുണ്ടായി. പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടേയും പ്രതിസന്ധിയിൽ കൂടെനിന്നവരുടെയും വിയർപ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം പ്രവർത്തികൾ കോൺഗ്രസിന് ഗുണം ചെയ്യില്ല.’

‘തെറ്റുകളെ ന്യായീകരിക്കുന്ന രീതിയുണ്ടാവരുത്. സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടാൻ ഭരണപക്ഷത്തിലും ആർജവമുണ്ടാകണം. തെറ്റ് ചൂണ്ടിക്കാട്ടാൻ ധൈര്യമുള്ളവരെയാണ് പാർട്ടിക്ക് വേണ്ടത്. അധികാരത്തേക്കാൾ വലുതാണ് ആദർശം.’ വിമർശനം ഉൾക്കൊള്ളാൻ കോൺഗ്രസ് പാർട്ടി തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പാർട്ടി നേതാക്കൾക്ക് താക്കീത് നൽകിയിരുന്നു. അടൂർ പ്രകാശിന്റെയും കെ മുരളീധരന്റെയും കെ സുധാകരന്റെയും പരസ്യപ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു സണ്ണി ജോസഫിന്റെ താക്കീത്. എന്നാൽ കടുത്ത നിർദേശം നൽകി രണ്ട് ദിവസം പിന്നിടുന്നതിന് മുൻപാണ് പാർട്ടിയെ വീണ്ടും വെട്ടിലാക്കിക്കൊണ്ട് കെ സുധാകരന്റെ തുറന്നുപറച്ചിൽ പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!