KSDLIVENEWS

Real news for everyone

സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനി തീ കൊളുത്തി മരിച്ചു; ബാഗിൽ സംശാസ്പദമായ വസ്തുക്കൾ, ആത്മഹത്യക്കുറിപ്പ്

SHARE THIS ON

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലുള്ള കൃഷ്ണ നഗറിലെ സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. 17 വയസ്സുകാരിയായ പെൺകുട്ടിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൃഷ്ണ നഗറിലെ സർവോദയ കന്യാ വിദ്യാലയത്തിലെ ഗാർഡ് റൂമിനു പിന്നിലാണ് പെൺകുട്ടിയുടെ മൃതദേഹം പൂർണമായും കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് പെൺകുട്ടി  സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രാഥമിക അന്വേഷണത്തിനിടയിൽ പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിനുപുറമെ ബാഗിൽ നിന്ന് സംശയാസ്പദമായ ചില വസ്തുക്കളും കണ്ടെത്തിയതായി സ്കൂൾ അധികൃതർ പറയുന്നുണ്ടെങ്കിലും ഇവ എന്തൊക്കെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഉച്ചയ്ക്ക് 1.40 ഓടെയാണ് സ്കൂളിൽ നിന്ന് തങ്ങളെ വിവരമറിയിച്ചതെന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. രാവിലെ വളരെ സന്തോഷത്തോടെ, പുഞ്ചിരിച്ചാണ് സഹോദരി സ്കൂളിലേക്ക് പോയതെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

error: Content is protected !!