എസ്.ഐ.ആർ.: കർണാടകയിലെ വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; കുറഞ്ഞത് ഒരു കോടിയോളം വോട്ടർമാർ

ബെംഗളൂരു: പ്രത്യേക തീവ്ര തിരുത്തൽ പ്രക്രിയ (എസ്.ഐ.ആർ)യ്ക്ക് ശേഷം കർണാടക അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 4,55,00,011 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറിന് മുമ്പ് രജിസ്റ്റർ ചെയ്തിരുന്ന 5,54,32,314 വോട്ടർമാരെ അപേക്ഷിച്ച്, നിലവിൽ വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം 99.32 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1.07 കോടിയിലധികം പേരുകൾ ഒഴിവാക്കിയിരുന്ന കരട് പട്ടികയുമായി താരതമ്യംചെയ്യുമ്പോൾ, അന്തിമ പട്ടികയിൽ 8.64 ലക്ഷം വോട്ടർമാരെ പുതുതായി കൂട്ടിച്ചേർത്തു.
അന്തിമ വോട്ടർ പട്ടികയിലെ കണക്കുകൾ പ്രകാരം 2.25 കോടിയിലധികം പുരുഷന്മാരും 2.29 കോടിയിലധികം സ്ത്രീകളും 2,841 ഭിന്നലിംഗ വോട്ടർമാരും ഉൾപ്പെടുന്നു. ഇതിൽ 18-നും 19-നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം പുതിയ വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള 3.92 ലക്ഷത്തിലധികം ആളുകളും ഉൾപ്പെടുന്നു.
നേരത്തെ പുറത്തുവിട്ട കരട് പട്ടികയിൽ, താമസം മാറിയവരെന്നോ വിവരശേഖരണ സമയത്ത് കണ്ടെത്താൻ സാധിക്കാത്തവരെന്നോ ഉള്ള വിഭാഗത്തിൽപ്പെടുത്തി 80.62 ലക്ഷം ആളുകളുടെ പേരുകൾ നീക്കംചെയ്തിരുന്നു. ഇതുകൂടാതെ, മരണപ്പെട്ടതായി രേഖപ്പെടുത്തിയ 16.39 ലക്ഷം പേരെയും പേര് ഇരട്ടിച്ച ഏഴ് ലക്ഷത്തിലധികം ആളുകളെയും ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽപ്പെട്ട 3.83 ലക്ഷം പേരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.
താമസം മാറിയതുകൊണ്ടോ കണ്ടെത്താൻ സാധിക്കാത്തതുകൊണ്ടോ പേര് നീക്കം ചെയ്യപ്പെട്ടവർ, പട്ടികയിൽ വീണ്ടും പേര് ഉൾപ്പെടുത്തുന്നതിനായി ഫോം 6 അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു. പുതിയ വോട്ടർമാരുടെ അപേക്ഷകൾ ഉൾപ്പെടെ ആകെ 7,87,534 അപേക്ഷകളാണ് തിരഞ്ഞെടുപ്പ് അധികൃതർക്ക് ലഭിച്ചത്.

