കാൽ നൂറ്റാണ്ടിന്റെ കരുത്തിൽ ഇസ്സത്തോടെ മുന്നോട്ട്: ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന സമ്മേളനം നാളെ

കാസർഗോഡ്: കാൽനൂറ്റാണ്ടിന്റെ സമാനതകളില്ലാത്ത കർമ്മപഥവും മാതൃകാപരമായ മത-സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളും പൂർത്തിയാക്കുന്ന അമ്മൻകോട് ഇസ്സത്തുൽ ഇസ്ലാം കൾച്ചറൽ സെന്ററിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന് നാളെ (2026 ഒക്ടോബർ 28 ബുധനാഴ്ച) ഇസ്സത്ത് നഗറിൽ (റഹ്മാൻ ജുമാ മസ്ജിദ് പരിസരം) പ്രൗഢഗംഭീര തുടക്കമാകും.
നാളെ വൈകീട്ട് കൃത്യം 4.00 മണിക്ക് സ്വാഗതസംഘം സമിതി പ്രസിഡന്റ് റംഷാദ് ബി.കെ. പതാക ഉയർത്തുന്നതോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന മഹാസമ്മേളന പരിപാടികൾക്ക് ഔപചാരിക തുടക്കമാകും. തുടർന്ന് അസർ നിസ്കാരത്തിന് ശേഷം നടക്കുന്ന വിപുലമായ ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പ്രമുഖ മതപണ്ഡിതരായ ഉസ്താദ് ശാന്തപുരം അൻവരി പെരിന്തൽമണ്ണ, ഉസ്താദ് അഷ്റഫ് ഇങ്ങാടി, ഉസ്താദ് അബ്ദുൽ സലാം ഫൈസി, ഉസ്താദ് മാലിക് ഹബീബ് അൽ-ഇർഷാദി എന്നിവർ മുഖ്യതിഥികളായി സംബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ഇശാഅ് നിസ്കാരത്തിന് ശേഷം എൻ.പി.എം. സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി കുരുന്നംകൈയുടെ നേതൃത്വത്തിൽ വിശുദ്ധമായ ‘മജ്ലിസുന്നൂർ’ ആത്മീയ സദസ്സ് അരങ്ങേറും.
സമ്മേളനത്തിൽ സംബന്ധിക്കുന്ന സ്ത്രീകൾക്കായി പ്രത്യേക സ്ഥല സൗകര്യവും, മുഴുവൻ പേർക്കുമായി അന്നദാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ‘കാൽ നൂറ്റാണ്ടിന്റെ കരുത്തിൽ ഇസ്സത്തോടെ മുന്നോട്ട്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ചരിത്രപ്രധാനമായ സിൽവർ ജൂബിലി ഉദ്ഘാടന മഹാസമ്മേളനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

