നിര്‍ണായക ശക്തിയായി അറബ് പാര്‍ട്ടികള്‍, കഫിയ ഉയര്‍ത്തി ആഹ്ലാദപ്രകടനം; ഭൂരിപക്ഷം ഉറപ്പില്ലാതെ നെതന്യാഹു

തെല്‍ അവിവ്: ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ ചരിത്ര മുന്നേറ്റം സൃഷ്ടിക്കുമെന്ന സൂചനയുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍. നിര്‍ണായക സീറ്റുകള്‍ സ്വന്തമാക്കുന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന ശക്തിയായി അറബ് പാര്‍ട്ടികള്‍ മാറും. പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിനോ പ്രതിപക്ഷ സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അറബ് പാര്‍ട്ടി സഖ്യങ്ങളായ ജോയിന്റ് ലിസ്റ്റും യുണൈറ്റഡ് അറബ് ലിസ്റ്റും ചേര്‍ന്ന് നിര്‍ണായക സീറ്റുകള്‍ നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇസ്രായേലിലെ അറബ് നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നിറഞ്ഞു. പാര്‍ട്ടി അനുകൂലികള്‍ കഫിയ ഉയര്‍ത്തി ആഘോഷമായി നീങ്ങി.
ഇസ്രയേലിലെ അറബ് വംശജര്‍ക്കിടയില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയതാണ് അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഇസ്രയേലിലെ ജനസംഖ്യയുടെ ഏകദേശം 21 ശതമാനം അറബ് പൗരന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും ഫലസ്തീന് വംശജരാണ്. ഫലസ്തീന് വംശജരായ ഇസ്രയേല്‍ പൗരന്മാരുടെ പിന്തുണയുള്ള പാര്‍ട്ടികള്‍ക്ക് 17 മുതല്‍ 19 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് എക്സിറ്റ് പോള്‍ സൂചനകള്‍. ഇതോടെ അറബ് പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം റെക്കോര്‍ഡ് നിലയിലെത്തും. സര്‍ക്കാര്‍ രൂപീകരണത്തിനായി നെതന്യാഹുവിനെ എതിര്‍ക്കുന്ന സഖ്യത്തിന് ഇവരുടെ പിന്തുണ നിര്‍ണായകമാകും.
120 അംഗ നെസെറ്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകളാണ് വേണ്ടത്. 56 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എക്സിറ്റ് പോളുകളില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യമാണ് മുന്നില്‍. 55 സീറ്റിലാണ് നെതന്യാഹു സഖ്യം മുന്നിലുള്ളത്. ഗാദി ഐസന്‍കോട്ടിന്റെ ‘യഷാര്’ പാര്‍ട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യം 49 സീറ്റിലാണ് മുന്നില്‍. അറബ് പാര്‍ട്ടികള്‍ 16 സീറ്റില്‍ മുന്നിലുണ്ട്.
എന്നാല്‍, അറബ് പാര്‍ട്ടികളെ ആശ്രയിച്ചുള്ള സര്‍ക്കാര്‍ രൂപീകരണത്തെ നെതന്യാഹുവും സഖ്യകക്ഷികളും ശക്തമായി എതിര്‍ക്കുകയാണ്. അറബ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി നെതന്യാഹു തന്റെ അനുയായികളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. ‘ഇസ്രയേലിനെ അപകടത്തിലാക്കുന്നതും സയണിസത്തെ എതിര്‍ക്കുന്നവരുമായ അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല. അത് പാടില്ലാത്ത കാര്യമാണ്. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് നാണക്കേടും അപമാനവുമാണ്’-നെതന്യാഹു പറഞ്ഞു.
അതേസമയം, നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ മുന്‍ ഐഡിഎഫ് മേധാവി ഗാദി ഐസന്‍കോട്ട്, ജനങ്ങള്‍ ഭരണമാറ്റത്തിനാണ് വോട്ട് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഇസ്രായേല്‍ ജനങ്ങള്‍ ഭരണമാറ്റത്തിനായി വോട്ട് ചെയ്തുകഴിഞ്ഞു. പരാജയപ്പെട്ട ഈ ഭരണസഖ്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെയുള്ള ജനവിധിയാണിത്. ജനവിധി മാനിച്ച് അദ്ദേഹം സ്ഥാനം ഒഴിയണം’ ഐസന്‍കോട്ട് ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിപക്ഷ സഖ്യവും അറബ് പാർട്ടികളുടെ പിന്തുണയെ എതിർക്കുന്ന സമീപനമാണ് നേരത്തെ സ്വീകരിച്ചിരുന്നത്.

