പടന്നക്കാട്ട് ദേശീയപാതയില്‍ സിഗ്നല്‍ ലൈറ്റിടാതെ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ സിഗ്നല്‍ ലൈറ്റിടാതെ റോഡരികില്‍ അശ്രദ്ധമായി നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ പടന്നക്കാട് നെഹ്റു കോളേജിന് സമീപത്ത് ഇന്നലെ രാത്രി 10.30നാണ് നാടിനെ നടുക്കിയ അപകടം. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ പുളിച്ചേരം വീട്ടില്‍ വേണുഗോപാലന്റെ മകന് ആനന്ദ കൃഷ്ണന് (24), പടിഞ്ഞാറ്റം കൊഴുവല്‍ കല്ലളി വീട്ടില്‍ മനോജ് കുമാറിന്റെ മകന് അനുരാഗ് മനോജ് (24) എന്നിവരാണ് മരിച്ചത്. സിഗ്നല്‍ ഇടാത്തതിനാല്‍ ലോറി നിര്‍ത്തിയിട്ടതാണെന്ന് മനസിലാവാതെ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉറ്റ സുഹൃത്തുക്കളായ ഇരുവരും തെരുവത്ത് ലക്ഷ്മി നഗറില്‍ തെയ്യം കാണാന്‍ പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 വി 6654 ബൈക്കാണ് കെ.എ 25 എ.ബി 4896 ലോറിയുടെ പിറകില്‍ ഇടിച്ചത്.
ലോറിയിലിടിച്ച ശേഷം ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പഠനത്തിന് ശേഷം അനുരാഗ് നീലേശ്വരത്തെ ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.
അമ്മ: രോഷ്ണി. സഹോദരി: അനന്യ.
ആനന്ദകൃഷ്ണന് പഠനത്തിന് ശേഷം ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ ജോലി ചെയ്തു വരികയായിരുന്നു. അമ്മ: പി.യു ശാന്തി. സഹോദരന്: അരവിന്ദ്. ലോറി ഡ്രൈവര്‍ സിഗ്നല്‍ ലൈറ്റിടാതെ അശ്രദ്ധമായി നിര്‍ത്തിയിട്ടത് എഫ്.ഐ.ആറില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
ആനന്ദകൃഷ്ണന്റെ മാതൃ സഹോദരി പി.യു സൂരജിന്റെ പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

