KSDLIVENEWS

Real news for everyone

ട്രെയിൻ 8 മണിക്കൂർ വൈകി, വലിയനഷ്ടം ഉണ്ടായി; ഉപഭോക്തൃ കോടതിയെ സമീപിക്കാൻ യുവസംരംഭകൻ

SHARE THIS ON

കാഞ്ഞങ്ങാട്: ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൃത്യമായ സമയം കാണിച്ചെങ്കിലും പിന്നീട് ട്രെയിൻ എപ്പോൾ പുറപ്പെടുമെന്നതിനെ കുറിച്ച് അവസാന നിമിഷംവരെ വിവരമില്ല. അവസാനം ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തിയത് 8 മണിക്കൂർ വൈകി. ട്രെയിൻ വൈകിയത് മൂലം വലിയനഷ്ടം സംഭവിച്ച കാഞ്ഞങ്ങാട്ടെ യുവ എൻജിനീയറും സംരംഭകനുമായ സുഹാസ് കൃഷ്ണൻ ഉപഭോക്തൃകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

മംഗളൂരു ജംക്‌ഷനിൽ നിന്ന് മുംബൈയിലേക്കുള്ള സിഎസ്എംടി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസാണ് കഴിഞ്ഞ 28ന് 8 മണിക്കൂർ വൈകിയത്. മാവുങ്കാൽ സ്വദേശിയും കാഞ്ഞങ്ങാട്ടെ നെക്സ്റ്റ് വാട്ട് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറുമായ സുഹാസ്‌ കൃഷ്ണൻ നാസിക്കിൽ പുതിയൊരു പ്രോജക്ടിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് പോയത്. മംഗളൂരു ജംക്‌ഷനിൽ നിന്ന് മുംബൈയിലേക്കുള്ള സിഎസ്എംടി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം 2ന് മംഗളൂരു ജംക്‌ഷനിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് മുംബൈയിലെ താനെ സ്റ്റേഷനിലെത്തുന്ന ട്രെയിനാണിത്. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ആയതിനാൽ ഒരു മണിക്കൂർ മുൻപേ സുഹാസ് റെയിൽവേ സ്റ്റേഷനിലെത്തി. 2 മണിക്ക് ട്രെയിൻ എത്തിയില്ല. തുടർന്ന് കൗണ്ടറിൽ അന്വേഷിച്ചപ്പോൾ മാന്യമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന് സുഹാസ് കൃഷ്ണൻ പറഞ്ഞു. ട്രെയിൻ എത്തിയത് വൈകിട്ട് 5.30ന്.

ട്രെയിൻ സ്റ്റേഷനിൽ എത്തിയതു സംബന്ധിച്ച് യാതൊരു അനൗൺസ്‌മെന്റുമുണ്ടായില്ല. മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ തന്നെ ഇരുന്നതിനാൽ ട്രെയിനിന്റെ ബോർഡ് കണ്ട് മനസ്സിലാക്കി കയറേണ്ടി വന്നു. വണ്ടി സ്റ്റേഷനിലെത്തി ഒരു മിനിറ്റ് പോലും നിൽക്കാതെ പുറപ്പെടുകയും ചെയ്തു. ഒടുവിൽ ഓടിക്കയറേണ്ടി വന്നതായും സുഹാസ് പറഞ്ഞു. താനെയിലെത്തിയപ്പോൾ സമയം പിറ്റേന്ന് രാവിലെ 11.20. രാവിലെ 3.20ന് എത്തുന്ന ട്രെയിൻ ആയതിനാൽ മൂന്നു മണിക്കൂർ കഴിഞ്ഞുള്ള നാസിക് വണ്ടിക്ക് ബുക്ക് ചെയ്തിരുന്നു. ആ പണവും പോയി.

റെയിൽ വൺ ആപ്പിൽ ടിക്കറ്റെടുക്കുമ്പോൾ മൊബൈൽ ആപ്ലിക്കേഷനിൽ ട്രെയിൻ പുറപ്പെടുന്നതും എത്തുന്നതുമായ സമയം കൃത്യമായി കാണിക്കുന്നുണ്ടെങ്കിലും ഇ മെയിലിൽ ലഭിച്ച ടിക്കറ്റ് കോപ്പിയിലും പിന്നീട് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ടിക്കറ്റ് കോപ്പിയിലും സമയം നൽകേണ്ട സ്ഥലത്ത് ‘നോട്ട് അവൈലബിൾ’ എന്നാണ് കാണിച്ചത്. മംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ആയതിനാൽ റെയിൽവേ ആപ്പിൽ ട്രെയിനിന്റെ കറന്റ് ലൊക്കേഷനും കാണിച്ചിരുന്നില്ല.

‘വ്യക്തിപരവും തൊഴിൽപരവും സാമ്പത്തികവുമായ നഷ്ടം സംഭവിച്ചു. സമയനിഷ്ഠ പാലിക്കാൻ പറ്റാത്തതിലെ മാനഹാനിയുമുണ്ട്. ട്രെയിൻ വൈകുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊരു സൂചന ലഭിച്ചിരുന്നെങ്കിൽ ബിസിനസ് മീറ്റിലെത്തുന്നത് വൈകുമെന്ന് പറയാനോ മറ്റെന്തെങ്കിലുമൊക്കെ ചെയ്യാനോ പറ്റുമായിരുന്നു. സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചിട്ട് പോലും കൃത്യമായ വിവരം ലഭിച്ചില്ല. ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം’–സുഹാസ് കൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!