ചേരാനല്ലൂർ വാഹനാപകട കേസ്: പതിനേഴുകാരന്റെ പിതാവായ അഡിഷനൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം

കൊച്ചി: ചേരാനല്ലൂരിൽ തട്ടുകടയുടമ ജയബാലകൃഷ്ണൻ കാറിടിച്ചു മരിച്ച സംഭവത്തിൽ, വാഹനമോടിച്ച 17കാരന്റെ പിതാവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അഡീ. ജില്ലാ ജഡ്ജി കൂടിയായ പിതാവ് കേസിൽ രണ്ടാം പ്രതിയാണ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം അനുവദിച്ചത്. ജഡ്ജി കൂടിയായ പ്രതി അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇതിനാൽ മുൻകൂര്‍ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും ജയബാലകൃഷ്ണന്റെ കുടുംബവും മുൻകൂർ ജാമ്യത്തെ എതിർത്തത്.
പതിനേഴുകാരൻ ഒന്നാം പ്രതിയായ കേസിൽ വാഹനത്തിന്റെ ആർസി ഉടമ എന്ന നിലയിൽ, ജഡ്ജിയായ പിതാവാണ് രണ്ടാം പ്രതി. എന്തിനാണ് രണ്ടാം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് പ്രോസിക്യൂഷൻ പറഞ്ഞിട്ടില്ല. നിലവിൽ ആറു മണിക്കൂർ ചോദ്യം ചെയ്തു. വീട് റെയ്ഡ് ചെയ്ത് രേഖകളും മറ്റും പിടിച്ചെടുത്തു. അവയുടെ പരിശോധന പൂർത്തിയാവണം. ഈ സാഹചര്യത്തിൽ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്? ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫിസറാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ആളാണ്. അതുകൊണ്ടുതന്നെ ഒളിവില്‍ പോകാനുള്ള സാധ്യതയില്ല. മുൻപ് മറ്റു കേസുകളില്ല. അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണം. കേസിൽ ഇരയായവർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കാം. നിലവിലെ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി പതിനേഴുകാരന്റെ പിതാവിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
പതിനേഴുകാരന്റെ ജാമ്യ ഹർജി ഇന്ന് അഡിഷനൽ സെഷൻസ് കോടതിയും പരിഗണിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന കോടതിയാണിത്. കേസിൽ ഉച്ചയ്ക്കുശേഷവും വാദം തുടരും. ജുവനൈൽ ജസ്റ്റിസ് ബോർഡ് പതിനേഴുകാരന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുമാണ് കോടതിയെ സമീപിച്ചത്. ഒക്ടോബർ 25നാണ് പതിനേഴുകാരൻ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് ജയബാലകൃഷ്ണൻ മരിച്ചത്.

