KSDLIVENEWS

Real news for everyone

ഇവിടെ ഡ്രൈവർ; ഇടയ്ക്കിടെ നാട്ടിലെത്തി കൊലപാതകം; ബിഹാറിലെ കൊടുംകുറ്റവാളി കൊല്ലത്ത് പിടിയിൽ

SHARE THIS ON

കൊല്ലം : ബിഹാർ പൊലീസിന്റെ പട്ടികയിലെ കൊടുംകുറ്റവാളിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായ ബിഹാർ സ്വദേശി കൊല്ലത്ത് പിടിയിൽ. ബിഹാർ സീതമഠി ജില്ലക്കാരനായ മുഹമ്മദ് അജാജ് അഹമ്മദിനെ (32) കൊല്ലം ഈസ്റ്റ് പൊലീസാണ് ചാമക്കടയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയായ ഇയാളെ കണ്ടെത്തുന്നവർക്ക് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സീതാമഠി ജില്ലാ പരിഷത്ത് അംഗമായിരുന്ന ആർജെഡി നേതാവ് ബൈദ്യനാഥ് മഹ്തോയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളാണ് അജാജ്. സെപ്റ്റംബർ 12ന് സീതാമഠിയിലെ ദുംറയിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മഹ്തോയ്ക്കു വെടിയേറ്റത്. മുഖ്യപ്രതിയായ ത്രിഭുവനെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു. 2016 മുതൽ കേരളത്തിലുള്ള അജാജ് കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇയാൾ ഇടയ്ക്കിടെ ബിഹാറിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി ബിഹാർ പൊലീസ് പറഞ്ഞു.

2020ൽ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2012 മുതൽ വിവിധ കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്. അജാജിനെ കണ്ടെത്തുന്നതിനായി ബിഹാർ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന് എസ്ഐ രാമായൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 10 ദിവസം മുൻപു കേരളത്തിലെത്തി . കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചാമക്കടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. അജാജിനെ കോടതിയിൽ ഹാജരാക്കി ബിഹാർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.

error: Content is protected !!