KSDLIVENEWS

Real news for everyone

നെതന്യാഹുവിന് വീണ്ടും തിരിച്ചടി, 46 സീറ്റായി ചുരുങ്ങി; സർക്കാരുണ്ടാക്കാൻ ഐസൻകോട്ട്; തീരുമാനം നാളെ

SHARE THIS ON

ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാരുണ്ടാക്കാനുറച്ച് യഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. പ്രസിഡന്റ് ഐസക് ഹെർസോഗുമായി നടത്തുന്ന ചർച്ചകളുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച 120 അംഗ നെസെറ്റിലെ 67 അംഗങ്ങളുടെ പിന്തുണ ഐസൻകോട്ട് ഉറപ്പാക്കി.

സർക്കാരുണ്ടാക്കാൻ 61 അംഗങ്ങളുടെ പിന്തുണവേണം. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കി ‘ദേശീയ അടിയന്തര സർക്കാർ’ ഉണ്ടാക്കുമെന്നും അതുവഴി രാജ്യത്തെ സുരക്ഷയിലേക്കും സ്വബോധത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ രൂപവത്കരിക്കാൻ ആരെ ക്ഷണിക്കുമെന്ന് ഞായറാഴ്ച അറിയിക്കുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി.

യാഷർ, ടുഗെദർ, ദ ഡെമോക്രാറ്റ്‌സ്, യിസ്രയേൽ ബെയ്റ്റെയ്നു എന്നിവരടങ്ങുന്ന പ്രതിപക്ഷ കൂട്ടായ്മയുടെ 48 സീറ്റുകൾക്കുപുറമേ അറബ് പാർട്ടികളായ റാഅം(8 സീറ്റ്), ജോയിന്റ് ലിസ്റ്റ്(11 സീറ്റ്) എന്നിവർ പിന്തുണ അറിയിച്ചതോടെയാണ് സർക്കാരുണ്ടാക്കാൻ ഐസൻകോട്ടിനുമുന്നിൽ സാധ്യത തുറന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 53 സീറ്റ് നേടിയെങ്കിലും പരമ്പരാഗത സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസം പിന്തുണയ്ക്കാത്തതിനാൽ പിന്തുണ 46 സീറ്റായി ചുരുങ്ങി. ഇതോടെ നെതന്യാഹുവിന് പ്രധാനമന്ത്രിപദത്തിലേക്ക് വഴിയടഞ്ഞ സ്ഥിതിയാണ്.

നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷിയെയും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസൻകോട്ടിന് പിന്തുണ നൽകുന്നതെന്ന് ജോയിന്റ് ലിസ്റ്റ് ചെയർമാൻ യൂസഫ് ജബരീൻ പറഞ്ഞു. ഇവർ സർക്കാരിൽ നേരിട്ട് പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. എന്നാൽ, ഐസൻകോട്ടിന്റെ പക്ഷത്തുള്ള യിസ്രയേൽ ബെയ്റ്റെയ്നു അറബ് പാർട്ടികളുടെ പിന്തുണയെ ആശ്രയിക്കുന്ന സർക്കാരിൽ പങ്കാളിയാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ഇവർ പിന്തുണ പിൻവലിച്ചാൽ ഇസ്രയേലിന്റെ രാഷ്ട്രീയഭാവി വീണ്ടും അനിശ്ചിതത്വത്തിലാകും. പ്രധാനമന്ത്രിയാകാൻ ഏറ്റവും സാധ്യതയുള്ള ആളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാനുള്ള അധികാരം പ്രസിഡന്റിനാണ്. പരമ്പരാഗതമായി ഏറ്റവുമധികം നെസെറ്റ് അംഗങ്ങൾ പിന്തുണയ്ക്കുന്ന വ്യക്തിയെയാണ് പ്രസിഡന്റ് ഇതിനായി തിരഞ്ഞെടുക്കാറുള്ളത്.

‘‘ചർച്ചകളുടെ ഫലം വ്യക്തമാണെന്ന് തോന്നാമെങ്കിലും ആർക്കാണ് സർക്കാർ രൂപവ്തകരിക്കാൻ കഴിയുകയെന്ന് തീരുമാനിക്കാനുള്ള അധികാരം നിയമപ്രകാരം എനിക്കാണ്. വിവിധ രാഷ്ട്രീയചേരികൾ തമ്മിലും ഓരോ ചേരിക്കുള്ളിൽത്തന്നെയുമുള്ള എതിർപ്പ് കണക്കിലെടുക്കുമ്പോൾ, ഇക്കാര്യത്തിൽ പൂർണമായ വ്യക്തതയില്ല’’ -ഹെർസോഗ് പറഞ്ഞു. തീരുമാനം ഞായറാഴ്ച അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!