എൽപിഎസ്ടി സമരക്കാർക്കെതിരായ പൊലീസ് നടപടി: വിമർശനവുമായി പിണറായി വിജയൻ, പ്രതിഷേധ മാർച്ചുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരക്കാർക്കെതിരെ പൊലീസ് നടപടിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമരപ്പന്തൽ പൊളിച്ചുനീക്കുകയും വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നതെന്ന് അദേഹം ചോദിച്ചു.
സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡൽഹിയിൽ നരേന്ദ്രമോഡിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും വ്യാമോഹം ഇവിടെ നടക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിൻറെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാരുടെ പേരിൽ നടത്തിയ സമരത്തെ തകർക്കുന്നതിന് വേണ്ടി പന്തൽ പൊളിക്കുന്നതിന് ആരും പോയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
സമരസമിതി നേതാവ് എസ് വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കൂടാതെ സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സമരപ്പന്തൽ പുനഃസ്ഥാപിക്കുകയും ചെയ്തു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച് നടത്തുകയും ചെയ്തു. മാർച്ചിനിടെ യുഡിഎഫ് ഫ്ലെക്സുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിക്കുകയും ചെയ്തു. എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച് നാളെ രാവിലെ 10 മണിക്ക് നടക്കും.

