KSDLIVENEWS

Real news for everyone

ഓപ്പറേഷൻ സൈ ഹണ്ട്: സൈബർ കുറ്റങ്ങൾക്ക് കാസർകോട് പിടിയിലായത് 18 പ്രതികൾ

SHARE THIS ON

കാസർകോട്: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ (ഓപ്പറേഷൻ ‘സൈ ഹണ്ട് 5.0’) 18 പ്രതികൾ പിടിയിലായി. വിവിധ സ്റ്റേഷനുകളിലായി 33 കേസുകൾ റജിസ്റ്റർ ചെയ്തു. സൈബർ ഇടപാടുകൾക്ക് ഉപയോഗിച്ച മുപ്പതോളം ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയതിന്റെ രേഖകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം, മേൽപറമ്പ്, ബേക്കൽ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തത്. കുറ്റകൃത്യങ്ങളിൽ പങ്കാളികളായ കൂടുതൽ ആളുകളെ കണ്ടെത്താൻ വരുംദിവസങ്ങളിലും അന്വേഷണം തുടരുമെന്നും അറസ്റ്റിലായവരിൽ ഏറെയും 20നും 25നും പ്രായമുള്ളവരാണെന്നും പ്രായപൂർത്തിയാകാത്ത 3 പേരും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മ്യൂൾ അക്കൗണ്ടുകൾവഴി പോക്കറ്റ് മണിക്കും കമ്മിഷനുംവേണ്ടിയാണ് വിദ്യാർഥികളും വീട്ടമ്മമാരും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ് പറഞ്ഞു. ഒരുലക്ഷം രൂപയുടെ ഇടപാടിന് 1000 രൂപയാണ് കമ്മിഷനായി നൽകുന്നത്. വിദ്യാർഥികളിൽനിന്ന് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്ന സംഘം മിയാപദവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

മഞ്ചേശ്വരം, കാസർകോട്, വിദ്യാനഗർ സ്റ്റേഷൻ പരിധികളിലെ എടിഎമ്മുകൾ വഴിയാണ് തട്ടിപ്പ് പണം പിൻവലിച്ചതെന്നു തെളി‍ഞ്ഞു. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു അന്യായമായി പണം തട്ടിയെടുക്കുന്ന സംഘം ജില്ലയിൽ സജീവമമാണെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ ഇടപാടുകളും മൊബൈൽ ഫോണുകളും പൊലീസ് നിരീക്ഷിച്ചുവരികയാണ്. സഹകരണ ബാങ്കുകൾവഴിയും 

തട്ടിപ്പ് നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ബാങ്ക് അധികൃതരുമായി പൊലീസ് ഉടൻ യോഗം ചേരും. ഓൺലൈൻ ഗെയിമിങ്, വ്യാജ ഓൺലൈൻ ലോൺ വാഗ്ദാനം എന്നിവവഴി ജനങ്ങളെ കബളിപ്പിച്ച് പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചാണ് തട്ടിപ്പ്. അക്കൗണ്ട് വാടകയ്ക്ക് നൽകുന്നവരും കമ്മിഷൻ വാങ്ങി പണം പിൻവലിച്ചു നൽകുന്നവരും പ്രതികളാകുമെന്ന് ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!