മധുര തനിഷ്ക് ജുവലറി കവർച്ച; ഇൻസ്റ്റാഗ്രാം താരം മീനാക്ഷിയും ആൺസുഹൃത്തിന്റെ പിതാവും അറസ്റ്റിൽ

മധുര: മധുര ബൈപ്പാസ് റോഡിലെ തനിഷ്ക് ജുവലറിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സ്വർണ്ണക്കവർച്ചക്കേസിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം താരം മീനാക്ഷി, മുഖ്യപ്രതിയെന്ന് കരുതുന്ന മീനാക്ഷിയുടെ സുഹൃത്ത് നിഷാന്തിന്റെ പിതാവ് സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും അഞ്ച് കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ 12-ാം തീയതി പുലർച്ചെയാണ് മധുര ബൈപ്പാസ് റോഡിൽ പുതുതായി പ്രവർത്തനമാരംഭിച്ച തനിഷ്ക് ജുവലറിയിൽ വൻ കവർച്ച നടന്നത്. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി കെട്ടിയ തട്ടുകൾ വഴി മുകളിൽ കയറിയ മോഷ്ടാവ്, ലിഫ്റ്റിനായി നിർമ്മിച്ച വിടവിലൂടെ അകത്തുകടന്നാണ് കവർച്ച നടത്തിയത്. ഏകദേശം 15 കിലോ സ്വർണ്ണാഭരണങ്ങളാണ് ഷോറൂമിൽ നിന്ന് നഷ്ടപ്പെട്ടത്.
വൈകിട്ടോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി നിഷാന്തും പിതാവും ചേർന്ന് മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒഴിഞ്ഞ പ്രദേശത്ത് വെച്ച് കത്തിക്കുന്നത് ഒരാൾ കണ്ടിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിഷാന്തിനെ യുവാവ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ നിന്നാണ് മീനാക്ഷിക്കും മോഷണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊർജിതമായ പരിശോധനയ്ക്കൊടുവിലാണ് പ്രതികൾ പിടിയിലായത്.
കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന നിഷാന്തിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കവർച്ചയ്ക്കുശേഷം നിഷാന്ത് മീനാക്ഷിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വർണ്ണം കണ്ടെത്തുന്നതിനായി അറസ്റ്റിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

