കുക്കറും ചാർജറും വച്ച് അടിച്ചു, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവം; പോലീസ് തിരച്ചിൽ നോട്ടിസിറക്കി അന്വേഷിച്ചിരുന്ന അഞ്ജുവിന്റെ ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ

കൊല്ലം: വിദേശത്ത് വച്ച് പുത്തൻതുറ സ്വദേശിയായ അഞ്ജുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് നീണ്ടകര സ്വദേശിയായ നന്ദുവിനെ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ ഷാഡോ പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാസം ആദ്യമാണ് അഞ്ജു പരാതി നൽകിയത്. ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ മാനസിക പീഡനം തുടങ്ങിയതായി അഞ്ജുവിന്റെ പരാതിയിൽ പറയുന്നു.
ഭർത്താവ് സൗദിയിലെ ജോലിസ്ഥലത്തേക്ക് അഞ്ജുവിനെ കൊണ്ടുപോകുകയും അവിടെവച്ച് കുക്കറും ലാപ്ടോപ് ചാർജറും അടുക്കള ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ചു നിരന്തരം മർദിച്ചുവെന്നാണു പരാതി. ക്രൂരമർദനമേറ്റ യുവതി സെപ്റ്റംബർ 30ന് തിരിച്ചു നാട്ടിലെത്തി പൊലീസിനു പരാതി നൽകുകയായിരുന്നു. ദേഹമാസകലം പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

