വണ്ടികളൊക്കെ പഴഞ്ചൻ! മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ കാർ; സംസ്ഥാനം മുടക്കുന്നത് 9.64 കോടി

തിരുവനന്തപുരം: മന്ത്രിമാരുടെ കാറുകൾ പഴയതായതിനാൽ സർക്കാർ 24 പുതിയ ഇനോവ കാറുകൾ വാങ്ങുന്നു. മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകളും 2 കാറുകൾ സംസ്ഥാനത് എത്തുന്ന അതിഥികൾക്കും.ടൊയോട്ട ഇനോവയുടെ ഉയർന്ന മോഡൽ oyota Innova Hycross (ZX(O) Strong Hybrid) ആണ് വാങ്ങുന്നത്.
സർക്കാർ ഉത്തരവിൽ പറയുന്നതിനങ്ങനെ
നിലവിൽ മന്ത്രിമാരിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്ന വാഹനങ്ങൾ പഴക്കം ചെന്നതും ദീർഘകാലത്തെ ഉപയോഗം മൂലം അവയുടെ യന്ത്രസാമഗ്രികളുടെ പ്രവർത്തനക്ഷമത ഗണ്യമായി കുറഞ്ഞതുമാണ്. ഇവയ്ക്ക് ഇടയ്ക്കിടെ അറ്റകുറ്റപ്പണികളും പരിപാലനവും ആവശ്യമായി വരുന്നതിനാൽ പരിപാലനച്ചെലവ് വർധിക്കുകയും ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനങ്ങളുടെ വിശ്വാസ്യതയും ലഭ്യതയും പ്രതികൂലമായി ബാധിക്കപ്പെടുകയും ചെയ്യുന്നു. ഔദ്യോഗിക പരിപാടികൾ, യോഗങ്ങൾ, മണ്ഡല സന്ദർശനങ്ങൾ, വിവിധ സർക്കാർ ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി ബഹുമാനപ്പെട്ട മന്ത്രിമാർക്ക് അനുയോജ്യവും മികച്ച പ്രവർത്തനക്ഷമതയുള്ളതുമായ വാഹനങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും നിലവിലുള്ള വാഹനങ്ങൾ കാലാനുസൃതമായി മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.
ഒപ്പം സംസ്ഥാനത്തേക്ക് എത്തുന്ന വിശിഷ്ട വ്യക്തികൾ, വിദേശ പ്രതിനിധികൾ, മറ്റ് പ്രമുഖ അതിഥികൾ എന്നിവരുടെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി നിലവിൽ സർക്കാരിന്റെ കൈവശമുള്ള വാഹനങ്ങൾ അപര്യാപ്തമാണ്. ഇത്തരം സന്ദർശനങ്ങൾക്കും വിവിധ സംസ്ഥാനതല പരിപാടികൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും മറ്റ് സർക്കാർ പരിപാടികൾക്കും സുഗമമായ ഗതാഗത സൗകര്യവും കൃത്യമായ പ്രോട്ടോക്കോൾ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി മതിയായ എണ്ണം അനുയോജ്യമായ വാഹനങ്ങൾ വിന്യസിക്കേണ്ടത് അനിവാര്യമാണ്.
ആയതിനാൽ Toyota Innova Hycross (ZX(O) Strong Hybrid) 24 എണ്ണം ഏകദേശം 9.60 കോടി രൂപ ( ഒൻപത് കോടി അറുപത് ലക്ഷം ) നൽകി വാങ്ങാൻ തീരുമാനമെടുക്കുന്നു.

