അവസാന പന്തിൽ ഫോർ, പാകിസ്താനെതിരെ ആവേശ വിജയം; അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ചൂടി ഇന്ത്യ

മസ്കറ്റ്: അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. മനസ്സാന്നിധ്യം കൈവിടാതെ മോഹിത് ഉൽവ അവസാന പന്ത് ബൗണ്ടറി കടത്തിയതോടെ ഇന്ത്യ കിരീടം വാനിലേക്കുയർത്തി. ഒരൊറ്റ വിക്കറ്റ് കൈയിലിരിക്കെയായിരുന്നു ഈ ത്രില്ലിങ് വിക്ടറി.
338 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മോഹിത് ഉൽവയും സി.വി.എൻ.വി സുഭാഷും ചേർന്ന് അവസാന ഓവറുകളിൽ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. മോഹിത് 26 പന്തിൽ 49 റൺസെടുത്തപ്പോൾ എട്ട്് പന്തിൽ 11 റൺസായിരുന്നു സുഭാഷിന്റെ സമ്പാദ്യം. 49-ാം ഓവറിൽ ഇരുവരും 17 റൺസ് അടിച്ചെടുത്തു. നേരത്തെ ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെവാഗും ഇന്ത്യക്കായി അർധ സെഞ്ചുറി കണ്ടെത്തി. ലക്ഷ്യ 101 പന്തിൽ 80 റൺസെടുത്തപ്പോൾ ആര്യവീർ 61 പന്തിൽ 58 റൺസടിച്ചു. ഇരുവരും ഓപ്പണിങ്ങിൽ 95 റൺസ് കൂട്ടുകെട്ടുണ്ടാക്കി മികച്ച അടിത്തറയാണ് നൽകിയത്.
32 പന്തിൽ 47 റൺസ് അടിച്ച മനാൽ ചൗഹാന്റെ ബാറ്റിങ്ങും നിർണായകമായി. 48-ാം ഓവറിൽ പുറത്താകുന്നതിന് മുമ്പ് മനാൽ, മോഹിതുമായി ചേർന്ന് അർദ്ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയെ വിജയത്തിന് തൊട്ടടത്തുവരെ എത്തിച്ചായിരുന്നു മനാലിന്റെ മടക്കം.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക് ടീം 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ഓപ്പണർ ഉസ്മാൻ ഖാന്റെ സെഞ്ചുറിയും അബ്ദുൾ ഖാദിർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരുടെ അർധ സെഞ്ചുറികളുമാണ് പാക് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. ഫോമിലുള്ള പേസർ ഇഷാൻ സൂദിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയായി.
111 പന്തിൽ നിന്ന് മൂന്ന് സിക്സും 11 ഫോറുമടക്കം 107 റൺസെടുത്ത ഉസ്മാൻ ഖാനാണ് ടീമിന്റെ ടോപ് സ്കോറർ. 54 പന്തിൽ നിന്ന് എട്ടു സിക്സും മൂന്ന് ഫോറുമടക്കം 80 റൺസെടുത്ത അബ്ദുൾ ഖാദിർ, ഉസ്മാന് മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഉസ്മാൻ ഖാദിർ സഖ്യം കൂട്ടിച്ചേർത്ത 135 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പാക് ഇന്നിങ്സിന്റെ നട്ടെല്ല്. 113 പന്തിൽ നിന്നാണ് ഇരുവരും ചേർന്ന് 135 റൺസ് സ്കോർ ബോർഡിലെത്തിച്ചത്.
ഉസ്മാൻ- ഹയാം ഖാൻ ഓപ്പണിങ് സഖ്യം 49 പന്തിൽ നിന്ന് 62 റൺസ് ചേർത്ത് തുടക്കം ഗംഭീരമാക്കി. ഒമ്പതാം ഓവറിൽ ഹയാം ഖാനെ മടക്കി കാവ്യ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഉസ്മാൻ ഖാദിർ സഖ്യം ഒന്നിച്ചതോടെ പാക് സ്കോർ കുതിച്ചു. ഇരുവരും ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 27ാം ഓവറിൽ ഖാദിറിനെ പുറത്താക്കി അർജുൻ രജ്പുത് ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഫർഹാൻ യൂസഫിനെ കൂട്ടുപിടിച്ച് ഉസ്മാൻ 43 റൺസ് ചേർത്തു. ഇതിനിടെ ഉസ്മാനെ കാവ്യ പട്ടേൽ പുറത്താക്കി.
പതിയെ തുടങ്ങിയ ഫർഹാൻ യൂസഫ് പിന്നീട് മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞു. 60 പന്തിൽ നിന്ന് 63 റൺസെടുത്ത താരം നാല് ഫോറും മൂന്ന് സിക്സും പറത്തി. നാലാം വിക്കറ്റിൽ അഹമ്മദ് ഹുസൈനെ കൂട്ടുപിടിച്ച് 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഫർഹാനായി.
അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ഒടുവിൽ പാകിസ്താനെ 337ൽ പിടിച്ചുനിർത്തുകയായിരുന്നു. ഇന്ത്യയ്ക്കായി കാവ്യ പട്ടേൽ നാലും ചിഗുരുപതി വെങ്കട്ട മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

