റിയാദ് ഫിനാന്‍ഷ്യല്‍ സെന്ററിലെ ടവറിന് നേരെ വീണ്ടും ഹൂതി ആക്രമണം; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്

റിയാദ്: സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. റിയാദ് ഫിനാന്‍ഷ്യല്‍ സെന്ററിലെ ഒരു ടവറിന് നേരെ ആക്രമണം ഉണ്ടായതായി സഖ്യസേന അറിയിച്ചു. ആക്രമണത്തില്‍ 2 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ തെക്കന്‍ മേഖലയിലേക്ക് അയച്ച ഡ്രോണ്‍ സഖ്യസേന തകര്‍ത്തു.
റിയാദിലെ പ്രശസ്തമായ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്ററിന് നേരെ വീണ്ടും ഹൂതി ആക്രമണം ഉണ്ടായതായി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. പ്രധാനപ്പെട്ട ഒരു ടവറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി സഖ്യസേന അറിയിച്ചു. പരുക്കേറ്റവരില്‍ 2 ഇന്ത്യക്കാരുമുണ്ട്. 2 സൗദി പൗരന്മാര്‍ക്കും 3 നേപ്പാള്‍ സ്വദേശികള്‍ക്കും 4 ഈജിപ്ഷ്യന്‍ പൌരന്‍മാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഇത് രണ്ടാം തവണയാണ് റിയാദ് ഫിനാന്‍ഷ്യല്‍ സെന്ററില്‍ ഹൂതീ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞയാഴ്ചയും സെന്ററിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നിരുന്നു.
ആഗോള നിലവാരത്തിലുള്ള ഒരു പ്രധാന സാമ്പത്തിക-ബിസിനസ് കേന്ദ്രമാണ് റിയാദിലെ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ കേന്ദ്രം. 95-ഓളം കൂറ്റന്‍ കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. പല ആഗോള കമ്പനികളുടെയും ആസ്ഥാനം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. അതേസമയം തെക്കന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ ഒരു ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണ ശ്രമം നടന്നതായി സഖ്യസേന അറിയിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇത് തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. യമന്‍ അതിര്‍ത്തി പ്രദേശമായ സൗദിയുടെ തെക്കന്‍ മേഖലയിലെ അബഹ, ജിസാന്‍, അല്‍ സുലൈല്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം ലഭിച്ചിരുന്നു.

