ഹൈക്കോടതി വിധി : ഉദുമയിലെ ഭാസ്കര കുമ്പള സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി

ഉദുമ: കെ.എസ്.ടി.പി. പാതയിൽ ഉദുമ ടൗണിലെ ഭാസ്കര കുമ്പള സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കി. മണിക്കൂറുകൾക്കുള്ളിൽ സി.പി.എം. പ്രവർത്തകർ റോഡ് വികസനത്തിന് തടസ്സമാകാത്ത വിധം പിറകോട്ടുമാറ്റി ഷീറ്റ് മേഞ്ഞ താത്കാലിക പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. ബേക്കൽ പോലീസിന്റെ സഹായത്തോടെയാണ് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയത്. കെ.എസ്.ടി.പി. റോഡിലെ ഈ ബസ് കാത്തിരിപ്പുകേന്ദ്രം മൂലം വാഹനാപകടങ്ങൾ പതിവാകുന്നെവെന്നുകാട്ടി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം ടി.കെ. മുഹമ്മദ് ഹസീബ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡ് നിർമാണ സമയത്ത് റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റണമെന്ന് കളക്ടർ ചെയർമാനായ റോഡ് സേഫ്റ്റി കൗൺസിലിനോട് ഉദുമ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ഇതും നടക്കാതെ വന്നതോടെയാണ് ഹസീബ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിന് ഒരു മാസത്തിനകം പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊളിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ. നേതാവ് എം. ശിവപ്രസാദ് ഹൈക്കോടതിയിൽ നൽകിയ റിവ്യൂ പെറ്റീഷനെ തുടർന്ന് ഹൈക്കോടതി വിധി നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അറ്റോർണി ജനറൽ കളക്ടർക്ക് കത്ത് നൽകി. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർ അന്ന് വിധി മരവിപ്പിച്ചു. ഇതിനെ ഹസീബ് ഹൈക്കോടതിയിൽ വീണ്ടും ചോദ്യം ചെയ്തു. ഡി.വൈ.എഫ്. നൽകിയ ഹരജി തള്ളിയ ഹൈക്കോടതി 2020 സെപ്റ്റംബർ 22-ന് പൊളിച്ചുമാറ്റാൻ പുതിയ ഉത്തരവിടുകയായിരുന്നു. ഈ വിധിയുടെ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയലക്ഷ്യം ഒഴിവാക്കാൻ പുലർച്ചെ നടപടി എടുത്തത്. ഈ വിധിക്കെതിരെയും ഡി.വൈ.എഫ്.ഐ. ബുധനാഴ്ച അപ്പീൽ നൽകാനിരിക്കുകയായിരുന്നു. ബേക്കൽ സി.ഐ. എ. അനിൽകുമാർ, എസ്.ഐ. പി. അജിത്കുമാർ, കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എൻജിനീയറുടെ ചുമതലയുള്ള ഷീല എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം പോലീസും സ്ഥലത്തുണ്ടായിരുന്നു. 23 വർഷം മുൻപാണ് ഡി.വൈ.എഫ്.ഐ. ഉദുമ വില്ലേജ് കമ്മിറ്റി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. സി.പി. എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ഡി.വൈ.എഫ്.ഐ. നേതാക്കളായ എ.വി. ശിവപ്രസാദ്, സി. മണികണ്ഠൻ, ബി. വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്

