KSDLIVENEWS

Real news for everyone

ജില്ലാ ആശുപത്രി പ്രവർത്തനം സാധാരണ നിലയിലേക്ക് ; രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് രോഗികളെ പൂർണ്ണമായും മാറ്റും

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി സാധാരണ നിലയിലാകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിതരെ പൂർണമായും മാറ്റും. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലേക്കും തെക്കിലിലെ ടാറ്റാ ആശുപത്രിയിലേക്കുമാണ് മാറ്റുക. 49 പേരാണ് ജില്ലാ ആശുപത്രിയിൽ അതി ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവരിൽ കുറച്ചുപേരെയെങ്കിലും ഡിസ്ചാർജാക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് ജില്ലാ ആശുപത്രിയെ പൂർവ സ്ഥിതിയിലാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ടാറ്റാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള പണി രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ ഇതും പൂർത്തിയാക്കും. വലിയ സിലിൻഡർ ആവശ്യമായി വരുന്ന 60 രോഗികളെയും ചെറിയ സിലിൻഡർ വേണ്ടിവരുന്ന 40 രോഗികളെയും കിടത്തുന്ന ഒരു ബ്ലോക്ക് എന്ന രീതിയിലാണ് ഓക്സിജൻ പ്ലാന്റ് നിർമാണം. ഈ ബ്ലോക്കിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണി ആദ്യഘട്ടത്തിൽ നടക്കും. തുടർന്ന് വെന്റിലേറ്റർ സ്ഥാപിക്കും. ഇതുകൂടി ആയാൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ മറ്റു തടസ്സങ്ങളൊന്നുമില്ല. നിലവിൽ 29 കോവിഡ് ബാധിതർ ഇവിടെ ചികിത്സയിലുണ്ട്. ഇവരൊന്നും ഗുരുതരാവസ്ഥയിലുള്ളവരല്ല. അതിനാൽ ഇവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്‌ മാറ്റുന്നതിനും ബുദ്ധിമുട്ടില്ല.

ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലെ താഴത്തെ നിലയിൽ ഇന്റൻസീവ് കെയർ യൂണിറ്റും പ്രാണവായു നൽകുന്നതടക്കമുള്ള സൗകര്യവുമുണ്ട്. ഈ ബ്ലോക്കിൽ 60 ഗുരുതരരോഗികളെ കിടത്താം. നിലവിൽ ഇവിടെ 30 കോവിഡ് ബാധിതരാണുള്ളത്. ഇവരെ ഒന്നാം നിലയിലേക്ക് മാറ്റുന്നതിനും തടസ്സമില്ല. ഈ രണ്ടു ആസ്പത്രികളിലെയും സൗകര്യത്തിന്റെ കണക്കെടുത്താൽ ഗുരുതരാവസ്ഥയിലുള്ള 200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാം. നിലവിലുള്ള കണക്കനുസരിച്ച് 50-ൽ താഴെപ്പേർ മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ. ജില്ലാ ആശുപത്രി പൂർവ സ്ഥിതിയിലാകുന്നതോടെ കോവിഡ് ഇതര രോഗികളുടെ ബുദ്ധിമുട്ടും അവസാനിക്കും. കിഴക്കൻ മലയോരത്തു നിന്നുൾപ്പെടെ വരുന്ന നൂറുകണക്കിന് രോഗികൾ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ ലഭ്യമാകാൻ ഒന്നിലേറെ ഇടങ്ങളിലെത്തേണ്ട ദുരവസ്ഥയും ഇല്ലാതാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!